thrissur local

കൊടുങ്ങല്ലൂര്‍ മണ്ഡലം ചരിത്രം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ്; വിജയം ഉറപ്പിച്ച് യുഡിഎഫ്

സലീം എരവത്തൂര്‍

മാള: കോണ്‍ഗ്രസ്സിന്റെ കുത്തക മണ്ഡലം പിടിച്ചെടുത്ത പിതാവിന്റെ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ മകനെ രംഗത്തിറക്കി എല്‍ഡിഎഫും വികസന നേട്ടങ്ങള്‍ œനിരത്തി യുഡിഎഫും സജീവമായതോടെ കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗം ചൂട്പിടിച്ചു. സംസ്ഥാനത്തെ മികച്ച എംഎല്‍എ, നാനൂറ് കോടിയിലധികം ചിലവഴിച്ച വികസന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിയെ പരിരക്ഷിച്ച ഹരിത ജനപ്രതിനിധി, മണ്ഡലത്തെ ഉയര്‍ത്തിക്കാട്ടാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ധനപാലന്‍ പറയുന്ന കാര്യങ്ങളാണിവ. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് 2009ല്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ധനപാലന്‍ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തിനു വേണ്ടി ചെയ്ത വികസനങ്ങളും തുണക്കുമെന്ന പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു.
കൊടുങ്ങല്ലൂര്‍ മണ്ഡലത്തിന്റെ സിംഹഭാഗങ്ങളും പഴയ മാള മണ്ഡലത്തില്‍ നിന്നുള്ളതാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ തട്ടകമായാണ് രാഷ്ട്രീയ ഭൂപടത്തില്‍ മാള അറിയപ്പെടുന്നത്. കോണ്‍ഗ്രസിന്റെ കുത്തക സീറ്റായി അറിയപ്പെടുന്ന മാളയില്‍ നാട്ടികയില്‍ നിന്നെത്തിയ ടി എന്‍ പ്രതാപനായിരുന്നു 2011 ല്‍ പതിനായിരത്തിന്റെ ഭൂരിപക്ഷത്തില്‍ അങ്കം ജയിച്ചത്. കൊടുങ്ങല്ലൂര്‍ക്കാരനായ കെ ജി ശിവാനന്ദനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
അതേ കൊടുങ്ങല്ലൂരില്‍ നിന്നു മുന്‍ കൃഷി മന്ത്രി വി കെ രാജന്റെ മകന്‍ അഡ്വ. വി ആര്‍ സുനില്‍കുമാറിനെയാണ് ഇടതുപക്ഷം ഇപ്രാവശ്യം രംഗത്തിറക്കക്കിയിരക്കുന്നത്. ഗര്‍ജിക്കുന്ന സിംഹം എന്ന അപരനാമത്തിലറിയപ്പെടുന്ന വി കെ രാജന്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം 1996ല്‍ പിടിച്ചെടുക്കുകയായിരുന്നു. അച്ഛന്റെ വഴി തിരഞ്ഞെടുത്ത മകന്‍ ആ പാരമ്പര്യം ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് അവകാശപെടുന്നു. കെ ധനപാലനെ തന്നെയായിരുന്നു അദ്ദേഹം അന്നു പരാജയപ്പെടുത്തിയത്.ഇന്ന് അച്ഛന്റെ ആ എതിരാളിയെ തോല്‍പ്പിക്കാന്‍ മകനാവുമോ? സംസ്ഥാനത്തെ ശ്രധേയമണ്ഡലമായി മാറുകയാണ് കൊടുങ്ങല്ലൂര്‍.
രാജന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലും സിപിഐ തന്നെ സീറ്റ് നില നിറുത്തിയിരുന്നു. പിന്നീട് കൈവിട്ട് പോയ മണ്ഡലം 2006ല്‍ വീണ്ടും എല്‍ഡിഎഫിന് വിജയം നല്‍കി. 2016 ലും അത് ആവര്‍ത്തിക്കുമെന്ന് പാര്‍ട്ടി കരുതുന്നു.എന്നല്ല 96, 2006, 2016 എന്നിങ്ങനെ ആവര്‍ത്തിക്കുമെന്ന പ്രചരണവും തുടങ്ങി കഴിഞ്ഞു. സ്ഥാനാര്‍ഥിയുടെ വിജയത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പിതാവിന്റെ ചിത്രവും വരച്ചു വച്ചിട്ടുമുണ്ട്.
പറവൂര്‍ക്കാരനായ ധനപാലനും പുല്ലൂറ്റുകാരനായ സുനില്‍ കുമാറും തമ്മിലുള്ള പോരാട്ടം തീപാറുമെന്നത് മൂന്നു തരം. ജനപ്രതിനിധിയെന്ന പരിചയസമ്പത്ത് ധനപാലനുണ്ട്. സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലാനുള്ള കഴിവും ഉണ്ട്. പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നതില്‍ പ്രഗത്ഭനാണ് താനെന്ന് തെളിയിച്ച സുനില്‍ കുമാര്‍ സാധാരണക്കാര്‍ക്കിടയില്‍ സുപരിചിതനാണ്.
വികസന നേട്ടം വിളിച്ചോതിയ എംഎല്‍എ ടി എന്‍ പ്രതാപന്‍ വീണ്ടും മണ്ഡലത്തില്‍ അവസരം നല്‍കാതിരുന്നത് യുഡിഎഫിനെ തിരിഞ്ഞു കൊത്തുന്നുണ്ട്. മല്‍സര രംഗത്തേക്കില്ലന്നു പ്രസ്താവിച്ച പ്രതാപന്‍ മുങ്ങിയതും പിന്നെ കയ്പമംഗലത്ത് പൊങ്ങിയതും കൊടുങ്ങല്ലൂരിലും ചര്‍ച്ചയായിട്ടുണ്ട്.
എന്‍ഡിഎയുടെ സ്ഥാനാര്‍ഥി അഡ്വക്കറ്റ് സംഗീത വിശ്വനാഥ്‌പോര്‍ക്കളത്തിലുണ്ട്. എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന എ കെ മനാഫ് മൂന്നാംഘട്ട പ്രചരണത്തിലേക്കു കടന്നു. മനാഫ് പിടിക്കുന്ന വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാവും.
കൊടുങ്ങല്ലൂര്‍ നഗരസഭ,മാള ബ്ലോക്കിലുള്‍പ്പെടുന്ന മാള, പൊയ്യ, കുഴൂര്‍, അന്നമനട, വെള്ളാങ്കല്ലൂര്‍ ബ്‌ളോക്കിലുള്‍പ്പെടുന്ന പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് കൊടുങ്ങല്ലൂര്‍ മണ്ഡലം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു മേല്‍ക്കോയ്.പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ മാള, പൊയ്യ , വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. പുത്തന്‍ചിറ, അന്നമനട പഞ്ചായത്തുകളില്‍ തുല്യതയിലെത്തുകയും ചെയ്തു.
യുഡിഎഫ് കുഴൂര്‍ പഞ്ചായത്തില്‍ ഭരണം നിലനിറുത്തി. അന്നമനട, പുത്തന്‍ചിറ എന്നിവിടങ്ങളില്‍ തുല്യത നേടി. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയത് എല്‍ഡിഎഫാണ്. അതേ സമയം നഗരസഭയില്‍ ആറ് സീറ്റുകളുണ്ടായിരുന്ന ബിജെപി 16 സീറ്റുകളിലേക്ക് കുതിച്ചു കയറ്റം നടത്തി. വിവിധ പഞ്ചായത്തുകളില്‍ അഞ്ച് സീറ്റുകള്‍ പിടിച്ചെടുക്കാനും അവര്‍ക്കായി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ക്യാംപില്‍ ബാധിച്ച തണുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ കൊടുങ്ങല്ലൂരില്‍ ചിത്രം മറ്റൊന്നാകും.
Next Story

RELATED STORIES

Share it