കൊടുങ്കാറ്റ്: നാഗാലാന്‍ഡിലും അരുണാചലിലും വ്യാപകനാശം

കൊഹിമ/ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ തിരാപ് ജില്ലയില്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട്‌പേര്‍ക്കു പരിക്കേറ്റു. അസമിലെ കരിംഗഞ്ജില്‍ നിന്നുള്ള നിര്‍മാണത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൊടുങ്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
അതേസമയം, നാഗാലാന്‍ഡില്‍ തുടരുന്ന കൊടുങ്കാറ്റിലും കനത്ത മഴയിലും ആയിരത്തിലധികം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. അഞ്ചു ജില്ലകളിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി.മോകോക്ചങ് ജില്ലയിലെ മുമുയിംലോങ്, ലോങ്‌ലെങ്, ഫെക്, ഹേഖ, മോണ്‍ ജില്ലകളിലാണ് കൊടുങ്കാറ്റും പേമാരിയും തുടരുന്നതെന്ന് സംസ്ഥാന ദുരന്ത പ്രതിരോധ അതോറിറ്റി അറിയിച്ചു. ലോങ്‌ലെങിലെ മോങ്ടികോങ് ഗ്രാമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊടുങ്കാറ്റിനെത്തുടര്‍ന്ന് മരം കടപുഴകി വീടിനു മുകളില്‍ പതിച്ചാണ് അപകടം.മോകോക്ചങ് ജില്ലയില്‍ 816 വീടുകളും ലോങ്‌ലെങില്‍ 100 വീടുകളും വോഖയില്‍ 16 വീടുകളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്.
മോണ്‍ ജില്ലയിലുണ്ടായ ചുഴലിക്കാറ്റില്‍ 37 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തലസ്ഥാനമായ കൊഹിമയിലും ദിമപൂരിലും കഴിഞ്ഞദിവസം കൊടുങ്കാറ്റ് അനുഭവപ്പെട്ടിരുന്നെങ്കിലും നാശനഷ്ടം റിപോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, അരുണാചലിലെ അന്‍ജോ, ഹയുലിയാങ് ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി റോഡ് ഗതാഗതം, ടെലഫോണ്‍, വൈദ്യുതി വിതരണം എന്നിവ തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it