kozhikode local

കൊടും വേനലില്‍ പിഞ്ചോമനകള്‍ വലയുന്നു; അങ്കണവാടി നിര്‍മിക്കണം

വടകര: വൈദ്യുതി ഇല്ലാതായാല്‍ വീടിനകത്തു ഇരിക്കാനാവാത്ത ചൂടിലും പിഞ്ചോമനകള്‍ പൊരിയുന്ന കാഴ്ചയാണ് താഴെഅങ്ങാടിയിലെ 44ാം വാര്‍ഡിലെ അങ്കണവാടിയുടേത്. പഴയ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നത് കാരണം സമീപത്തെ വൈദ്യുതിയില്ലാത്ത കമ്മ്യൂണിറ്റി സെന്ററിലാണ് പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര തകര്‍ന്ന പഴയ കെട്ടിടം ഉപയോഗ്യ ശൂന്യമായി കിടക്കുകയാണ്.
ചുട്ടുപൊള്ളുന്ന വെയിലത്തും പിഞ്ചുകുഞ്ഞുങ്ങള്‍ അസഹനീയമായ വിധത്തില്‍ കഴിയും തോറും അധികൃതരും വാര്‍ഡ് മെമ്പറും കണ്ടില്ലെന്നു നടിക്കുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 44ാം വാര്‍ഡായ കബ്‌റുംപുറത്തെ മുപ്പതോളം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കേണ്ട അങ്കണവാടിയുടെ ഷീറ്റുകൊണ്ട് മേഞ്ഞ മേല്‍ക്കൂര തകര്‍ന്നത്. അതിനുശേഷം കമ്മ്യൂണിറ്റി സെന്ററിലേക്ക് അംഗന്‍വാടിയുടെ പ്രവര്‍ത്തനം മാറ്റുകയാണ് ചെയ്തത്. എന്നാല്‍ കുടിവെള്ളമോ, പ്രഥമിക കാര്യങ്ങള്‍ ചെയ്യാനുള്ള സൗകര്യമോ ഇവിടെയില്ല. വൈദ്യുതീകരണം നടക്കാത്തത് കാരണം വേനല്‍കാലത്ത് കുട്ടികള്‍ ഉടുത്ത ഷര്‍ട്ടുകള്‍ അഴിച്ചു അങ്ങോട്ടുമിങ്ങോട്ടും വീശുന്ന കാഴ്ചയാണ് കാണുന്നത്. കമ്മ്യൂണിറ്റി സെന്ററിലേക്ക് അങ്കണവാടി മാറ്റുമ്പോള്‍ താല്‍ക്കാലികമാണെന്നാണ് അന്നത്തെ വാര്‍ഡ് മെമ്പര്‍ അറിയിച്ചത്. എന്നാല്‍ മാറ്റിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
അങ്കണവാടിയില്‍ വരുന്ന ടീച്ചര്‍ പല തവണ ഇക്കാര്യം അധികൃതര്‍ക്ക് മുന്നിലും വാര്‍ഡ്‌മെമ്പറോടും പരാതി അറിയിച്ചിരുന്നു. എന്നാല്‍ വാഡില്‍ വിളിച്ചു ചേര്‍ക്കുന്ന വാര്‍ഡ് സഭയിലോ കൗണ്‍സിലിലോ ഈ വിഷയം അവതരിപ്പിക്കാറില്ല. മാത്രമല്ല കമ്മ്യൂണിറ്റി സെന്റര്‍ നവീകരണ പ്രവൃത്തി നടത്താത്തതില്‍ വളരെ വൃത്തിഹീനമായി സാഹചര്യമാണ് നിലവിലെ അവസ്ഥ. പുതിയ ഭരണസമിതി ഇറക്കിയ ബജറ്റില്‍ അംഗന്‍വാടികളുടെ പ്രവൃത്തികള്‍ക്കായി 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ആ തുകയിലെങ്കിലും ഈ അങ്കണവാടി ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it