കൊടും ചൂട്; ഇളനീര്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു

പാലക്കാട്: കടുത്ത വേനല്‍ച്ചൂടില്‍ വഴിയാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന ഇളനീരിന് സംസ്ഥാനത്തു ക്ഷാമമേറുന്നു. വേനല്‍ കനത്തതോടെ ഇളനീരുല്‍പാദനത്തില്‍ ഗണ്യമായ കുറവുവന്നതോടെ കച്ചവടക്കാര്‍ക്കും ഇളനീര്‍ ലഭിക്കുന്നില്ല. ചൂടുകാരണം തുടക്കത്തില്‍ തന്നെ തേങ്ങകള്‍ കൊഴിഞ്ഞു പോവുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് ജില്ലയിലേക്കു പ്രധാനമായും കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍, കൊല്ലങ്കോട്, മീനാക്ഷിപുരം, ഗോപാലപുരം, ചെമ്മണാംപതി തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടങ്ങളില്‍ നിന്നാണ് ഇളനീര്‍ എത്തിയിരുന്നത്. കോഴിക്കോട് ജില്ലയില്‍ നാദാപുരം, കുറ്റിയാടി, വടകര മേഖലകളും ഇളനീര്‍ ഉല്‍പ്പാദന മേഖലകളാണ്. എന്നാല്‍ ചൂട് കൂടിയതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉല്‍പ്പാദനം മൂന്നിലൊന്നു മാത്രമായി കുറഞ്ഞിരിക്കുകയാണ്. ഇടമഴ ലഭിച്ചില്ലെങ്കില്‍ വേനലില്‍ ഇളനീരിന് കടുത്ത ക്ഷാമമുണ്ടാവുമെന്നും തേങ്ങയ്ക്കു വില കൂടാന്‍ സാധ്യതയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്നും ഇളനീര്‍ ഇറക്കുമതിചെയ്തു കച്ചവടം തുടരാന്‍ കച്ചവടക്കാര്‍ തയ്യാറാണെങ്കിലും ചെലവു കൂടുമെന്നതിനാല്‍ ഇളനീരിനു വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവും. കൂടിയ ചെലവ് തങ്ങളുടെ ലാഭത്തെയും ജനങ്ങളെയും ഒരുപോലെ ബാധിക്കുമെന്നതിനാലാണ് ഇതിനു തയ്യാറാവാത്തതെന്നും കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
വേനല്‍ച്ചൂടില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് ഇളനീര്‍ വിപണി സജീവമായിരുന്നു. ഇളനീര്‍ ഷെയ്ക്ക,് ഇളനീര്‍ പുഡ്ഡിങ് പോലുള്ള വ്യത്യസ്ത വിഭവങ്ങള്‍ ധാരാളമായി വിപണി കീഴടക്കിക്കൊണ്ടിരിക്കുമ്പോഴാണ് കച്ചവടക്കാര്‍ക്ക് ഇരുട്ടടി നല്‍കി ക്ഷാമം രൂക്ഷമാവുന്നത്. 30 രൂപ വരെയാണ് ഇളനീരിന് കച്ചവടക്കാര്‍ ഈടാക്കിയിരുന്നത്. പാലക്കാട് നഗരത്തിലെ ചില കുടുംബശ്രീ സ്ഥാപനങ്ങളും പന്ത്രണ്ടോളം വഴിയോര കച്ചവടക്കാരും 25 രൂപയ്ക്കാണ് ഇളനീര്‍ നല്‍കുന്നത്.
വേനല്‍ രൂക്ഷമായതോടെ ആയിരക്കണക്കിന് ഇളനീരാണു നഗരത്തില്‍ വില്‍പ്പനനടത്തുന്നത്. എന്നാല്‍ മികച്ച സീസണായിട്ടുപോലും ഇളനീര്‍ ലഭിക്കാത്തതിനാല്‍ കച്ചവടക്കാരും ആശങ്കയിലാണ്. ഇളനീര്‍ ലഭിക്കാതെവന്നതോടെ പല വഴിയോര കച്ചവടക്കാരും കച്ചവടം അവസാനിപ്പിക്കുകയും ചെയ്തു. ഇളനീരിനൊപ്പംതന്നെ പാലക്കാട് ജില്ലയില്‍ ധാരാളം ലഭിച്ചിരുന്ന പന നൊങ്കിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it