കൊടുംതണുപ്പ്; ഭൂകമ്പത്തിന്റെ കെടുതി വര്‍ധിപ്പിക്കുന്നു

ഇസ്‌ലാമാബാദ്: ഭൂകമ്പം നാശംവിതച്ച പാകിസ്താനിലും അഫ്ഗാനിസ്താനിലും കൊടുംതണുപ്പ് കെടുതി വര്‍ധിപ്പിക്കുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍.
ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ മൂന്നാം ദിവസവും കൊടുംതണുപ്പില്‍ തുറസ്സായ സ്ഥലങ്ങളില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. ഇവിടങ്ങളിലേക്ക് അടിയന്തരമായി ടെന്റുകള്‍ നിര്‍മിച്ചുനല്‍കണമെന്നും തണുപ്പിനെ അതിജീവിക്കാനുള്ള ബ്ലാങ്കറ്റുകളും മറ്റു സഹായങ്ങളും എത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പാകിസ്താനില്‍ കഴിഞ്ഞ ദിവസം രാത്രി പൂജ്യം ഡിഗ്രിക്കു താഴെയായിരുന്നു അന്തരീക്ഷ താപനിലയെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളിലുമായി 360ഓളം പേര്‍ മരിച്ചതായാണു കണക്ക്. എന്നാല്‍, ഇത് ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭൂകമ്പബാധിത മേഖലകളില്‍ പെയ്യുന്ന ശക്തമായ മഴയും മഞ്ഞും ദുരിതാശ്വാസ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
പാകിസ്താനില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 255 ആയതായി ഡോണ്‍ റിപോര്‍ട്ട് ചെയ്തു. നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കുപ്രകാരം ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ഉള്‍പ്പെടെ 9,209 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ആറു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്കു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. കൊടുംതണുപ്പും സാമ്പത്തിക മാനുഷിക സഹായങ്ങളുടെ അഭാവവും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റിക്റ്റര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പമാണ് കഴിഞ്ഞ തിങ്കളാഴ്ച അനുഭവപ്പെട്ടത്. അതേസമയം, ഭൂകമ്പം നാശംവിതച്ച പാകിസ്താനും അഫ്ഗാനിസ്താനും ചൈനീസ് പ്രധാനമന്ത്രി സി ജിന്‍പിങ് സഹായം വാഗ്ദാനം ചെയ്തു. അഫ്ഗാനില്‍ മഞ്ഞുകട്ടകള്‍ വീണ് റോഡ് ഗതാഗ്തം തടസ്സപ്പെട്ടുകിടക്കുന്നതു കാരണം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദുരിത ബാധിത പ്രദേശങ്ങള്‍ എത്താന്‍ സാധിക്കാത്ത അലസ്ഥയാണ്.
Next Story

RELATED STORIES

Share it