kannur local

കൊടുംചൂടില്‍ മാലൂരില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം

ഉരുവച്ചാല്‍: കൊടുംവേനലില്‍ മാലൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം.
കിണറുകളിലെയും മറ്റ് സ്രോതസുകളിലെയും വെള്ളം വറ്റിതിനാല്‍ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
ഭക്ഷണം പാകം ചെയ്യാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. പഞ്ചായത്തിലെ തോലമ്പ്ര, കുറിച്യ കോളനി, കുന്നത്ത്‌പൊയില്‍, കരോത്ത് വയല്‍, കാവിന്‍ മൂല, വെള്ളിലോട്, വെമ്പടി, രയരോത്ത് കാട്, കാഞ്ഞിലേരി എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.
തോലമ്പ്ര കുറിച്യ കോളനിയില്‍ തലശ്ശേരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. പഞ്ചായത്തംഗം എം പ്രഭാകരന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ ഉദ്യോഗസ്ഥരോട് ബുദ്ധിമുട്ടുകളെ കുറിച്ച് വിവരിച്ചിരുന്നു. ഇത് പ്രകാരം എത്രയും പെട്ടെന്ന് കോളനിയില്‍ വെള്ളം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.
മാലൂരിലെ കുടിവെള്ള ക്ഷാമം ജില്ലാ കലക്ടറുടെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് പി അശോകന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it