കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് നേരെ ആക്രമണം

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപിക്കു നേരെ ആക്രമണം. തിരുവനന്തപുരത്തെ കനക നഗറിലുള്ള സഹോദരിയുടെ മകളുടെ വീട്ടില്‍ വസ്തു തര്‍ക്കം പരിഹരിക്കാന്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. താടിയെല്ലിന് ക്ഷതമേറ്റ അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. പ്രാഥമിക ചികില്‍സയ്ക്കു ശേഷം എംപി ആശുപത്രി വിട്ടു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മ്യൂസിയം കനകനഗര്‍ സി 36 ലെ താമസക്കാരിയും കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരിയുടെ മകളുമായ ഷീലയും അയല്‍വാസിയായ അശോകനുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു എംപി.
റോഡില്‍വച്ച് അശോകനും ഭാര്യ ഗീതയുമായി കൊടിക്കുന്നില്‍ സുരേഷും കൂടെയുണ്ടായിരുന്നവരും സംസാരിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്.
ഷീലയുടെ ബന്ധുവീട്ടില്‍ മൂന്ന് വര്‍ഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അശോകനും ഗീതയും. ഇവരുടെ പേരില്‍ മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ പരാതി നിലവിലുണ്ട്. ഒത്തുതീര്‍പ്പിനായി ഇരുവിഭാഗത്തേയും ഇന്നലെ സ്‌റ്റേഷനില്‍ വിളിപ്പിച്ചെങ്കിലും എത്തിയിരുന്നില്ല. പ്രശ്‌നപരിഹാരത്തിന് എംപിയോടൊപ്പം വന്നവര്‍ വീട് ഉടന്‍ മാറണമെന്ന് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ ഗീതയുടെ ഭര്‍ത്താവ് അശോകന്‍ കല്ലെറിയുകയായിരുന്നെന്ന് മ്യൂസിയം എസ്‌ഐ ശ്രീകാന്ത് പറഞ്ഞു. എംപിയെ ആക്രമിച്ച കേസില്‍ ഗീതയേയും ഭര്‍ത്താവ് അശോകനെയും പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ മ്യൂസിയം പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
Next Story

RELATED STORIES

Share it