കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്നു തുടക്കം

കൊച്ചി: കൊച്ചി നഗരത്തില്‍ പാചകവാതകം പൈപ്പ് ലൈനിലൂടെ നേരിട്ട് വീടുകളിലെത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്നു തുടക്കം. കളമശ്ശേരി മെഡിക്കല്‍ കോളജിന് കണക്ഷന്‍ നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. മെഡിക്കല്‍ കോളജിലെ കാന്റീനുകളിലും ഹോസ്റ്റലിലും സമീപത്തെ വീടുകളിലുമായി 10 കണക്ഷനുകളാണ് നല്‍കുന്നത്. ആദ്യഘട്ട വാതക കണക്ഷന്‍ നല്‍കുന്നതിനുള്ള ജോലികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. ദ്രവീകൃത പ്രകൃതിവാതകമാണ്(എല്‍എന്‍ജി) സിറ്റി ഗ്യാസ് പദ്ധതി വഴി നല്‍കുന്നത്. ഓരോ ഘട്ടവും പൂര്‍ത്തിയാവുന്ന മുറയ്ക്ക് അതത് പ്രദേശങ്ങളില്‍ പൈപ്പ്‌ലൈന്‍ വഴി പ്രകൃതിവാതക കണക്ഷന്‍ ലഭ്യമാക്കും.
അഞ്ചു വര്‍ഷത്തിനുള്ളില്‍ കൊച്ചി നഗരത്തിലും സമീപ മേഖലകളിലും സിറ്റി ഗ്യാസ് ലഭ്യമാക്കാനാണു പദ്ധതി. എറണാകുളം ജില്ലയില്‍ 40,700 കുടുംബങ്ങള്‍ക്കാണ് പാചകവാതകം എത്തുക. അദാനി ഗ്രൂപ്പും ഇന്ത്യന്‍ ഓയിലും ചേര്‍ന്ന സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപില്‍)പദ്ധതിയുടെ ചുമതല. സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യനഗരമാണ് കൊച്ചിയെന്ന് അദാനി ഗ്യാസ് സിഇഒ രാജീവ് ശര്‍മ പറഞ്ഞു. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നാണ് പ്രകൃതിവാതകം വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന എല്‍പിജിയില്‍ നിന്ന് പിഎന്‍ജി അഥവാ പൈപ്പ്ഡ് ഗ്യാസിലേക്കു മാറുമ്പോള്‍ ചെലവ് 40 ശതമാനം വരെ കുറയുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it