കൊച്ചി മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ്സില്‍ പിടിവലി തുടങ്ങി; കെ.പി.സി.സി. വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് രംഗത്ത്

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ്സില്‍ പിടിവലി ആരംഭിച്ചു. കൊച്ചി  കോര്‍പറേഷന്‍ മേയര്‍സ്ഥാനം ഇത്തവണ വനിതാ സംവരണമായതോടെയാണ് കോണ്‍ഗ്രസ്സിലെ വനിതാ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. രഹസ്യമായി കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളിലെ വനിതാ നേതാക്കള്‍ മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ നീക്കം നടത്തുന്നുണ്ടെങ്കിലും കെ.പി.സി.സി. വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റാണ് ആദ്യമായി പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി ഔദ്യോഗികമായി മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ അത് അനുസരിക്കുമെന്ന് ലാലി വിന്‍സന്റ് മാധ്യമങ്ങളോടു പറഞ്ഞു.

താന്‍ മതിയെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ താനത് നന്ദിയോടെ സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും കെ. പി. സി.സി. വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് അറിയിച്ചു. സാമുദായിക ഘടകങ്ങള്‍ തനിക്ക് അനുകൂലമാവും. താനുള്‍പ്പെടുന്ന സമുദായം തന്നെ എപ്പോഴും പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. ജനറല്‍ സീറ്റുകളില്‍ സ്ത്രീകളെ മല്‍സരിപ്പിക്കില്ല.

തിരഞ്ഞെടുപ്പു പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ താന്‍ സ്വന്തംനിലയില്‍ തുടങ്ങിയതായും ലാലി വിന്‍സെന്റ് പറഞ്ഞു. വനിതാ ഡെപ്യൂട്ടി മേയറെ മേയറാക്കുന്ന പതിവ് കോണ്‍ഗ്രസ്സിലില്ലെന്നായിരുന്നു നിലവില്‍ ഡെപ്യൂട്ടി മേയറായ ബി ഭദ്രയുടെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് ലാലി വിന്‍സെന്റിന്റെ മറുപടി. ഇപ്പോള്‍ ഡെപ്യൂട്ടി മേയറായിരിക്കുന്ന ആള്‍ ഏതെങ്കിലും ഒരു വാര്‍ഡില്‍ നിന്ന് മല്‍സരിച്ച് ജയിച്ചുവരണ്ടേയെന്നും അവര്‍ ചോദിച്ചു.

ലാലി വിന്‍സെന്റിനെക്കൂടാതെ മേയര്‍ സ്ഥാനാര്‍ഥിയായി പത്മജാ വേണുഗോപാല്‍, സൗമിനി ജെയിന്‍, നിലവിലെ ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍, ലാലി വിന്‍സെന്റിനു തന്നെയായിരിക്കും നറുക്കുവീഴുകയെന്നാണു സൂചന.
Next Story

RELATED STORIES

Share it