കൊച്ചി മെട്രോ 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ 2017 മാര്‍ച്ചില്‍ യാഥാര്‍ഥ്യമാവത്തക്കവിധം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തിലാണു തീരുമാനം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്രൈമാസാടിസ്ഥാനത്തില്‍ ലക്ഷ്യംവച്ച് മുന്നോട്ടുപോവണമെന്നും ത്രൈമാസ റിപോര്‍ട്ട് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിര്‍മാണപുരോഗതി മുഖ്യമന്ത്രി നേരിട്ടു വിലയിരുത്തും. ഇ ശ്രീധരന്റെ സൗകര്യം കൂടി പരിഗണിച്ച് കെഎംആര്‍എല്‍, ഡിഎംആര്‍സി എന്നിവയുടെ സംയുക്ത യോഗം അധികം വൈകാതെ വിളിച്ചുചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. കൊച്ചി മെട്രോ റെയിലിന്റെ ഇപ്പോഴത്തെ സ്ഥിതി, ഭാവി പദ്ധതി എന്നിവ കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് വിശദീകരിച്ചു. കെഎംആര്‍എല്‍ ഉന്നതതല മാനേജ്‌മെന്റ് സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐടി സെക്രട്ടറി എം ശിവശങ്കര്‍, മെട്രോ റെയില്‍ ഡയറക്ടര്‍ (സിസ്റ്റംസ്) പ്രവീണ്‍ ഗോയല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it