കൊച്ചി മെട്രോ സര്‍വീസ് നവംബര്‍ ഒന്നു മുതല്‍

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പാളത്തിലേറി. ആലുവ മുട്ടം യാര്‍ഡില്‍ ഇന്നലെ നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഞ്ചു വയസ്സുകാരി ഗൗരി ഗണേഷും ചേര്‍ന്ന് പച്ചക്കൊടി വീശിയതോടെ മുട്ടം യാര്‍ഡില്‍ തയ്യാറാക്കിയ ട്രാക്കില്‍ മെട്രോയുടെ പരീക്ഷണ ഓട്ടത്തിനു തുടക്കമായി.
നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 958ാമത്തെ ദിവസം മെട്രോയുടെ ടെസ്റ്റ് ഡ്രൈവിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ഇനി ശേഷിക്കുന്ന 137 ദിവസം കൊണ്ട് കൗണ്ട്ഡൗണ്‍ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ജോലികള്‍ ചെയ്തുതീര്‍ക്കും. മെട്രോമാന്‍ ഇ ശ്രീധരന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണ് കൊച്ചി മെട്രോ. കൊങ്കണ്‍ റെയിലും ഡല്‍ഹി മെട്രോയും യാഥാര്‍ഥ്യമാക്കിയ ഇ ശ്രീധരന്റെ നേതൃത്വവും അദ്ദേഹത്തിന്റെ വ്യക്തിപരമായ പങ്കാളിത്തവും കൊണ്ടാണ് കൊച്ചി മെട്രോ പറഞ്ഞ സമയത്തിന് മുമ്പ് ഓടിക്കാന്‍ കഴിഞ്ഞത്. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനെ സര്‍ക്കാര്‍ ആദരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്റ്റിമേറ്റ് തുകയിലും 600 കോടി കുറവില്‍ മെട്രോ റെയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
നിശ്ചയിച്ചതിലും മുമ്പ് നിര്‍മാണം പൂര്‍ത്തിയാവുന്ന കൊച്ചി മെട്രോ നാഴികക്കല്ലാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു.
മന്ത്രിമാരായ കെ ബാബു, വി കെ ഇബ്രാഹീം കുഞ്ഞ്, അനൂപ് ജേക്കബ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, പ്രഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, എസ് ശര്‍മ, ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, അഹ്മദ് കബീര്‍, ലൂഡി ലൂയിസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it