കൊച്ചി മെട്രോ: റെയില്‍ നിര്‍മാണം മന്ദഗതിയില്‍

കൊച്ചി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കൊച്ചി മെട്രോ റെയില്‍ യാഥാര്‍ഥ്യമാവാനുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്ന് ആശങ്ക. കേരളപ്പിറവി ദിനത്തില്‍ മെട്രോ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പ്. എന്നാല്‍, വിവിധ മേഖലകളിലെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് പദ്ധതിയുടെ പൂര്‍ത്തീകരണത്തെ സാരമായി ബാധിക്കുകയാണ്.
ആലുവ മുതല്‍ മഹാരാജാസ് വരെ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താനായിരുന്നു ലക്ഷ്യം. എന്നാല്‍, ഇടപ്പള്ളി മുതല്‍ മഹാരാജാസ് വരെയുള്ള നിര്‍മാണത്തില്‍ കാര്യമായ പുരോഗതി നേടാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ മാത്രമാണ് നിര്‍മാണ പുരോഗതിയുള്ളത്. പാളങ്ങളുടെയും കൈവരികളുടെയും നിര്‍മാണമാണ് ഇവിടെ പുരോഗമിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തിലും തുടക്കത്തിലുണ്ടായ വേഗ ത ഇപ്പോഴില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതിവേഗം നിര്‍മാണം പുരോഗമിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ മെട്രോ നിര്‍മാണവും ഇഴയുകയായിരുന്നു.
ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരും തമ്മില്‍ കൊമ്പു കോര്‍ത്തതും പദ്ധതിക്കു വിനയായി. കെഎംആര്‍എല്ലും ഡിഎംആര്‍സിയും ചേരി തിരിഞ്ഞ് പോരടിച്ചപ്പോള്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരും പ്രശ്‌നംതീര്‍ക്കാന്‍ ശ്രമിക്കാതെ പരസ്പരം പോരടിക്കുകയായിരുന്നു. ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജും ജില്ലാ കലക്ടറും പരസ്യ പോരിനിറങ്ങി. അതിവേഗം പുരോഗമിച്ചിരുന്ന മെട്രോ നിര്‍മാണം ഇതോടെ മന്ദഗതിയിലാവുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് മെട്രോ നിര്‍മാണത്തിന്റെ ചുമതല വഹിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദിനായിരുന്നു മേല്‍നോട്ട ചുമതല. ഇടപ്പള്ളി മുതല്‍ മഹാരാജാസ് വരെയുള്ള ഭാഗത്ത് മെട്രോ തൂണുകളില്‍ സ്പാനുകളും ഗര്‍ഡറും സ്ഥാപിക്കുന്ന ജോലികള്‍ പോലും പലയിടത്തും പൂര്‍ത്തിയായിട്ടില്ല. സ്പാനുകള്‍ സ്ഥാപിച്ച് ഇവ ഉറയ്ക്കാന്‍ വേണ്ട സമയത്തിനു ശേഷം മാത്രമേ സ്പാനുകള്‍ക്കു മുകളിലെ കോണ്‍ക്രീറ്റിങ് ജോലികള്‍ ആരംഭിക്കാന്‍ സാധിക്കൂ. ഇതിന് ആഴ്ചകള്‍ കാത്തിരിക്കേണ്ടിവരും. സ്റ്റേഡിയം, കലൂര്‍, എംജി റോഡ് ഭാഗങ്ങളിലെ സ്‌റ്റേഷനുകളുടെ നിര്‍മാണവും ഇഴഞ്ഞുനീങ്ങുകയാണ്. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയില്ലെന്നും നിശ്ചിത സമയത്തിനകം പദ്ധതി യാഥാര്‍ഥ്യമാവുമെന്നും കെഎംആര്‍എല്‍, ഡിഎംആര്‍സി നേതൃത്വം അറിയിച്ചു.
Next Story

RELATED STORIES

Share it