കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ഇന്നു തുടങ്ങും

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് ഇന്നു തുടക്കം. ആലുവ മുട്ടം യാര്‍ഡിലെ പ്രത്യേകം തയ്യാറാക്കിയ പാളത്തില്‍ ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പച്ചക്കൊടി കാട്ടുന്നതോടെ 900 മീറ്റര്‍ പാളത്തില്‍ മെട്രോയുടെ കോച്ചുകള്‍ ഉരുണ്ടു തുടങ്ങും. ഫഌഗ് ഓഫിനു പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അനൂപ് ജേക്കബ്, കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ്, എംപിമാരായ പ്രഫ. കെ വി തോമസ്, ഇന്നസെന്റ്, മെട്രോമാന്‍ ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ മെട്രോയില്‍ കയറും.
രാജ്യത്തെ മറ്റു മെട്രോ പദ്ധതികളേക്കാള്‍ റെക്കോഡ് വേഗത്തിലാണു കൊച്ചി മെട്രോ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തില്‍ ജൂണോടെ സര്‍വീസ് നടത്താനാവുമെന്നാണു പ്രതീക്ഷ.
ഇങ്ങനെ വന്നാല്‍ മൂന്നുവര്‍ഷം മാത്രമാണ് മെട്രോയുടെ ആദ്യഘട്ട നിര്‍മാണത്തിന് ആവശ്യമായി വരുന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെയും മേല്‍നോട്ടത്തില്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതാണു കൊച്ചി മെട്രോയുടെ അതിവേഗ പൂര്‍ത്തീകരണത്തിനു കാരണമായത്. യാര്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന തേര്‍ഡ് റെയില്‍ സംവിധാനത്തിലാണു പരീക്ഷണ ഓട്ടം.
മൂന്നുമാസത്തോളം പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷമേ റെയില്‍വേ ബോര്‍ഡ് മെട്രോയ്ക്ക് അനുമതി നല്‍കൂ. ഇതിനു ശേഷമാവും മെട്രോയുടെ സര്‍വീസ് ആരംഭിക്കുക.
2012 സപ്തംബര്‍ 12നാണ് കൊച്ചി മെട്രോ പദ്ധതിക്ക് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തറക്കല്ലിട്ടത്. തുടര്‍ന്ന് ഇ ശ്രീധരന്‍ നേതൃത്വം നല്‍കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) നിര്‍മാണച്ചുമതല ഏല്‍പ്പിച്ചു. ഇതോടെ പദ്ധതി അതിവേഗത്തിലായി.
മേഖലകളായി തിരിച്ച് വിവിധ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. 2013 ജൂണ്‍ ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെട്രോ നിര്‍മാണത്തിനു തുടക്കമിട്ടു.
തിരക്കേറിയ നഗരമധ്യത്തില്‍ രാവും പകലും ഇടതടവില്ലാതെയുള്ള നിര്‍മാണങ്ങള്‍ക്കാണു പിന്നീട് കൊച്ചി സാക്ഷ്യംവഹിച്ചത്. 2015 ഡിസംബറില്‍ മെട്രോ ഓടിത്തുടങ്ങുമെന്നായിരുന്നു ആദ്യ പ്രതീക്ഷയെങ്കിലും സ്ഥലമെടുപ്പിനെ തുടര്‍ന്നുണ്ടായ താമസങ്ങളും സാങ്കേതികപ്രശ്‌നങ്ങളും തൊഴിലാളി സമരവും വിനയായി. ആലുവ മുതല്‍ തൃപ്പൂണിത്തുറയിലെ പേട്ടവരെ 25.6 കിലോമീറ്റര്‍ ദൂരത്തിലാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതി.
Next Story

RELATED STORIES

Share it