കൊച്ചി മെട്രോ: നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഫ്രഞ്ച് സംഘമെത്തി

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഫ്രഞ്ച് സംഘം കൊച്ചിയിലെത്തി. ഫ്രഞ്ച് വികസന ഏജന്‍സി(എഎഫ്ഡി) യി ല്‍ നിന്നുള്ള മൂന്നംഗ സംഘമാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയത്. എഎഫ്ഡി സൗത്ത് ഏഷ്യ റീജ്യനല്‍ ഡയരക്ടര്‍ നിക്കോളാസ് ഫൊറാഞ്ച്, പ്രോജക്ട് ഓഫിസര്‍ ചീക് ഡിയ, പ്രൊജക്ട് കോ-ഓഡിനേറ്റര്‍ ജുലീറ്റേ ലീ പാനെനര്‍ എന്നിവരാണു സംഘത്തിലുള്ളത്.
ഇന്നലെ രാവിലെ മുട്ടം യാര്‍ഡിലെത്തിയ ഫ്രഞ്ച് സംഘം നിര്‍മാണ പുരോഗതി വിലയിരുത്തി. കൊച്ചി മെട്രോ നിര്‍മാണത്തിനായി എഎഫ്ഡി 1520 കോടി രൂപയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) വായ്പയായി നല്‍കുന്നത്. ഇതില്‍ മുക്കാല്‍ പങ്ക് തുക കൈമാറിക്കഴിഞ്ഞു. അങ്കമാലി, ഫോര്‍ട്ട്‌കൊച്ചി, കാക്കനാട് എന്നിവിടങ്ങളിലേക്കു കൂടി നീളുന്ന മെട്രോയുടെ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് വികസന ഏജന്‍സിയില്‍ നിന്ന് 160 കോടി രൂപയുടെ വായ്പയും കെഎംആര്‍എല്‍ തേടിയിട്ടുണ്ട്.
രണ്ടാംഘട്ട നിര്‍മാണം നടക്കുന്ന പ്രദേശങ്ങളും ഫ്രഞ്ച് സംഘം സന്ദര്‍ശിക്കും. സംയോജിത നഗരവികസന പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സംഘം പങ്കെടുക്കും. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രഞ്ച് സംഘം ഇന്നു മടങ്ങും.
Next Story

RELATED STORIES

Share it