കൊച്ചി മെട്രോ നിര്‍മാണം; സര്‍ക്കാരിന് 500 കോടിയുടെ ലാഭം

കൊച്ചി: കൊച്ചി മെട്രോ നിര്‍മാണത്തില്‍ സര്‍ക്കാരിന് ഇതുവരെ 500 കോടി രൂപയുടെ ലാഭമുണ്ടായതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി). കോച്ചുകള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടിയതും നിര്‍മാണക്കരാറിനുള്ള തുക 25 ശതമാനം കുറഞ്ഞതുമാണ് നേട്ടത്തിനു കാരണമെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) വിശദീകരണം.
ആലുവ മുതല്‍ പേട്ട വരെയുള്ള പദ്ധതി 5180 കോടി രൂപയ്ക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ 18 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണത്തിന് 4,300 കോടി രൂപ ചെലവു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇതുവരെയുള്ള നിര്‍മാണത്തിന് പ്രതീക്ഷിച്ചതിലും 500 കോടി രൂപയുടെ കുറവുണ്ടായി.
അല്‍സ്റ്റോമില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കോച്ചുകള്‍ ലഭിച്ചതും നേട്ടമുണ്ടാക്കി. ആദ്യം സമീപിച്ച ഹ്യൂണ്ടായ് റോട്ടം കമ്പനി ഒരു കോച്ചിന് 12 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, അല്‍സ്‌റ്റോം കമ്പനി 8.4 കോടി രൂപ നിരക്കില്‍ കോച്ചുകള്‍ നല്‍കി. ഇതേ കോച്ചുകള്‍ ലഖ്‌നോ മെട്രോയ്ക്ക് അല്‍സ്‌റ്റോം നല്‍കിയത് 10.8 കോടി രൂപയ്ക്കാണ്. 2010ല്‍ ചെന്നൈ മെട്രോക്ക് കോച്ചുകള്‍ വാങ്ങിയത് ഇതിലും 38 ലക്ഷം രൂപ അധികം നല്‍കിയാണ്.
കോച്ചുകള്‍ വാങ്ങാന്‍ കണക്കാക്കിയിരുന്ന തുകയെക്കാള്‍ 233 കോടി രൂപ കുറവാണ് ഇപ്പോള്‍ ചെലവായതെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. കൂടാതെ വന്‍കിട കമ്പനികള്‍ നിര്‍മാണക്കരാര്‍ ജോലികള്‍ കുറഞ്ഞ നിരക്കില്‍ ഏറ്റെടുത്തതും നേട്ടമുണ്ടാക്കി.
ഡിഎംആര്‍സിയുടെ വിശ്വാസ്യതയും ബില്ലുകള്‍ കാലതാമസം കൂടാതെ മാറിനല്‍കുന്നതുമൊക്കെ ഇതിനു സഹായകമായെന്നാണ് ഡിഎംആര്‍സിയുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it