കൊച്ചി മെട്രോ: കോച്ചുകള്‍ ഇന്നു കൈമാറും

കൊച്ചി: പുതുവര്‍ഷത്തില്‍ കൊച്ചിക്ക് സമ്മാനമായി മെട്രോ ട്രെയിനിന്റെ കോച്ചുകള്‍ ഇന്നു കൈമാറും. ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവില്‍ നിന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കോച്ചുകള്‍ ഏറ്റുവാങ്ങും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. മങ്കു സിങ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, പ്രഫ. കെ വി തോമസ് എംപി, അല്‍സ്റ്റോം ട്രാന്‍സ്‌പോര്‍ട്ട് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഭരത് സല്‍ഹോത്ര പങ്കെടുക്കും.
ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ആധുനികമാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍. കഴിഞ്ഞ മാര്‍ച്ച് 21നാണ് ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ മെട്രോ കോച്ചുകളുടെ നിര്‍മാണം തുടങ്ങിയത്. ഒമ്പതു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം കൊച്ചി മെട്രോയ്ക്കായി ഇന്ത്യയില്‍ കോച്ച് നിര്‍മാണം തുടങ്ങിയത്.
ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയില്‍ നിന്ന് കോച്ചുകളും വഹിച്ചുകൊണ്ടുള്ള ട്രെയിലറുകള്‍ ഇന്നുതന്നെ പുറപ്പെടും. മൂന്നു ട്രെയിലറുകളിലായി എത്തിക്കുന്ന മൂന്നു കോച്ചുകളും ആലുവ മുട്ടത്തുള്ള കൊച്ചി മെട്രോ യാര്‍ഡില്‍ വച്ചാണ് കൂട്ടിയോജിപ്പിക്കുന്നത്. തുടര്‍ന്നു 23നു പരീക്ഷണ ഓട്ടം തുടങ്ങും. മുട്ടം യാര്‍ഡില്‍ തയ്യാറാക്കുന്ന ഒരു കിലോമീറ്റര്‍ ട്രാക്കിലായിരിക്കും മെട്രോ ട്രെയിനിന്റെ ആദ്യ ഓട്ടം. ആദ്യഘട്ടത്തില്‍ യാര്‍ഡിനകത്തെ ഓട്ടത്തിനു ശേഷമായിരിക്കും പാളത്തിലൂടെയുള്ള പരീക്ഷണം. ഫെബ്രുവരി മുതല്‍ ആലുവയില്‍ നിന്നു തുടര്‍ച്ചയായി പരീക്ഷണ ഓട്ടമുണ്ടാവും.
Next Story

RELATED STORIES

Share it