കൊച്ചി മെട്രോ: ആദ്യ കോച്ചുകള്‍ ആലുവയിലെത്തുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ട കോച്ചുകള്‍ ആലുവയിലേക്ക്. ഇന്നലെ പുലര്‍ച്ചെ പാലക്കാട്ടെ സംസ്ഥാന അതിര്‍ത്തി കടന്ന കോച്ചുകള്‍ വഹിച്ചുകൊണ്ടുള്ള ട്രെയിലറുകള്‍ ശനിയാഴ്ച പുലര്‍ച്ചയോടെ യാര്‍ഡില്‍ എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അറിയിച്ചു.
ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള അല്‍സ്റ്റോമിന്റെ ഫാക്ടറിയില്‍ നിന്ന് ഈമാസം രണ്ടിനാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ കൈമാറിയത്. കോച്ചുകള്‍ വഹിച്ചുകൊണ്ടുള്ള മൂന്ന് കൂറ്റന്‍ ട്രെയിലറുകള്‍ രണ്ടിനു തന്നെ ശ്രീസിറ്റിയില്‍ നിന്നു പുറപ്പെട്ടിരുന്നു. 22 മീറ്റര്‍ നീളമുള്ളതാണ് ഒരു കോച്ച്. കോച്ചുമായി ഇത്രയും വലിയ കണ്ടെയ്‌നറുകള്‍ റോഡിലൂടെ സഞ്ചരിക്കുമ്പോഴുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രി മാത്രമായിരുന്നു യാത്ര.
പത്തു ദിവസത്തെ യാത്രയ്ക്കു ശേഷം 12ന് മുട്ടം യാര്‍ഡില്‍ കോച്ചുകളുമായി ട്രെയിലറുക ള്‍ എത്തുമെന്നാണ് നേരത്തെ കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പറഞ്ഞതിലും രണ്ടു ദിവസം മുമ്പു തന്നെ കോച്ചുകള്‍ എത്തിയിരിക്കുകയാണ്. ടെസ്റ്റ് റണ്ണിനും ട്രയല്‍ റണ്ണിനുമായി ഒരു ട്രെയിനാണ് ആദ്യം കൊണ്ടുവരുന്നത്. മൂന്ന് കോച്ചുകളാണ് ഒരു മെട്രോ ട്രെയിനിലുള്ളത്. കോച്ചുകള്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ മുട്ടം യാര്‍ഡില്‍ പൂര്‍ത്തിയായായി. പരീക്ഷണ ഓട്ടത്തിനുള്ള തേര്‍ഡ് റെയില്‍ ഉള്‍പ്പെടെ സജ്ജമായിട്ടുണ്ട്. റാംപ്, ഓപറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ തുടങ്ങിയവയുടെ നിര്‍മാണവും പുര്‍ത്തിയായി.
ആകെ 58.33 ഏക്കര്‍ സ്ഥലത്താണ് മുട്ടം യാര്‍ഡ്. 2013 മാര്‍ച്ച് 11നാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഒരു കിലോമീറ്റര്‍ നീളത്തില്‍ മുട്ടം യാര്‍ഡില്‍ തയ്യാറാക്കിയിരിക്കുന്ന പാളത്തിലൂടെയാവും മെട്രോ ട്രെയിന്‍ ആദ്യ ഓട്ടം നടത്തുന്നത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിനിന്റെ പരീക്ഷണ ഓട്ടം. ഘട്ടം ഘട്ടമായി വേഗം വര്‍ധിപ്പിക്കും. അല്‍സ്‌റ്റോമില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ സിഗ്നല്‍, ശബ്ദം, വൈദ്യുത, സാങ്കേതിക, അനൗണ്‍സ്‌മെന്റ് സംവിധാന പരിശോധന എന്നിവയും നടത്തും.
ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിന്ന് ട്രെയിലറുകളില്‍ എത്തുന്ന കോച്ചുകള്‍ മുട്ടം യാര്‍ഡിലെ അണ്‍ലോഡിങ് ലൈനിലേക്കാണ് ഇറക്കുന്നത്. ഇവിടെ നിന്ന് മൂന്ന് കോച്ചുകളും റെയില്‍ റോഡ് വാഹനത്തിലേക്കു മാറ്റും. പരിശോധനയ്ക്കായി ഇന്‍സ്‌പെക്ഷന്‍ ബേ ലൈനിലേക്ക് എത്തിക്കുകയാണ് അടുത്തഘട്ടം. ഇവിടെവച്ചാണ് കോച്ചുകള്‍ കൂട്ടിയോജിപ്പിക്കുക.
വൈദ്യുത, സാങ്കേതിക സജ്ജീകരണങ്ങളും ഈ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ടെസ്റ്റ് ട്രാക്കിലുള്ള പരീക്ഷണ ഓട്ടം തുടര്‍ന്ന് നടക്കും.
Next Story

RELATED STORIES

Share it