Districts

കൊച്ചി മെട്രോയ്ക്ക് 2024 കോടിയുടെ പുതുക്കിയ ഭരണാനുമതി

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ 11.2 കി.മീ. ദൈര്‍ഘ്യമുള്ള മെട്രോലൈന്‍ നിര്‍മിക്കുന്നതിന് 2024 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രവിഹിതം 20 ശതമാനം ആയി നിജപ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കും.
കൊച്ചി മെട്രോയുടെ ഭാഗമായി ഭാവിയില്‍ നിര്‍മിക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ചെലവില്‍ നിര്‍മിക്കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍, 11.2 കി.മീ. ദൈര്‍ഘ്യമുള്ള മെട്രോപദ്ധതി നിലവില്‍ അംഗീകാരം ലഭിച്ചിട്ടുള്ള മെട്രോ പദ്ധതിയുടെ ഭാഗമല്ലെന്നും നിലവിലുള്ള പദ്ധതിയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ പ്രത്യേക പദ്ധതിയാണെന്നുമാണ് കൊച്ചി മെട്രോയുടെ നിലപാട്. ഇന്‍ഫോപാര്‍ക്കുവഴിയുള്ള മെട്രോലൈന്‍ യാഥാര്‍ഥ്യമായാല്‍ പദ്ധതിക്ക് കൂടുതല്‍ പ്രയോജനമുണ്ടാവും. പുതിയ പദ്ധതിയെക്കുറിച്ച് ബോര്‍ഡ് മീറ്റിങ് വിശദമായി ചര്‍ച്ച ചെയ്യുകയും വിഷയം സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചിയിലെ ജലഗതാഗതം ആധുനികവല്‍കരിക്കുന്നതിന് കൊച്ചിന്‍ സംയോജിത ജലഗതാഗത പദ്ധതിക്ക് അംഗീകാരം നല്‍കി. ജര്‍മന്‍ വായ്പാ ഏജന്‍സിയായ ക്രെഡിറ്റന്‍സ്റ്റാള്‍ട്ട് ഫര്‍ വെദര്‍വബു(കെഎഫ്ഡബ്ല്യു)വിന്റെ സാമ്പത്തിക സഹായത്തിനായി പദ്ധതി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡാണ് പദ്ധതി തയ്യാറാക്കിയത്. 682.01 കോടി ചെലവു പ്രതീക്ഷിക്കുന്നു. ഭൂമി ഏറ്റെടുക്കലിനുള്ള തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി വിഹിതം 102.30 കോടിയാണ്. കൊച്ചി കായലിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വന്‍കരയിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തി ജീവിതമാര്‍ഗങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തികനില മെച്ചപ്പെടുത്തുകയും ചെയ്യുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൊച്ചി മേഖലയിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തി ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുന്ന നഗരത്തിലെ തിരക്കേറിയ റോഡുകളെ ആശ്രയിക്കല്‍ കുറയ്ക്കാനും ലക്ഷ്യമിടുന്നു. നാലുവര്‍ഷം കൊണ്ടു പൂര്‍ത്തിയാവുന്ന തരത്തില്‍ നൂതന നാവിക സുരക്ഷ ഉറപ്പാക്കിയ ബോട്ട്ജട്ടികളും യാനങ്ങളും ഉള്‍പ്പെടുത്തിയ 76 കിലോമീറ്റര്‍ ജലഗതാഗതമാര്‍ഗ വികസനമാണു ലക്ഷ്യം. മൂന്നുലക്ഷം ജനങ്ങളുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ പദ്ധതിക്കു കഴിയും. 2016ല്‍ 35,000ഉം ക്രമേണ 90,000ഉം യാത്രികര്‍ ഉണ്ടാവുമെന്നാണു കണക്കാക്കിയിട്ടുള്ളത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെയും സിഎസ്‌ഐഎന്‍സിയുടെയും ഇപ്പോഴുള്ള ബോട്ട് സര്‍വീസുകള്‍ക്ക് തടസ്സം വരാതെയാവും പദ്ധതി നടപ്പാക്കുക.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്ററിന് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട പദ്ധതി പ്രദേശത്തുനിന്നും സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ പെടാത്ത 1.56 എക്കര്‍ സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കും. ഏക്കറിന് 120 ലക്ഷം രൂപ ഒറ്റത്തവണ പാട്ടത്തുക നിരക്കിലും വാര്‍ഷിക പാട്ടത്തുക 25,000 രൂപ നിരക്കിലും ഒ ആന്റ് എം ചാര്‍ജുകള്‍ 1.5 ലക്ഷം രൂപ നിരക്കിലും ഈടാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
Next Story

RELATED STORIES

Share it