ernakulam local

കൊച്ചി നിയമനിര്‍മാണസഭ ഹാള്‍ നവീകരിച്ച് സംരക്ഷിക്കും: മന്ത്രി

കൊച്ചി: കൊച്ചി നിയമനിര്‍മാണസഭ ഹാള്‍(ഇന്നത്തെ ലോ കോളജ് ഹാള്‍)ആവശ്യമായ നവീകരണപ്രവര്‍ത്തനം നടത്തി സംരക്ഷിത സ്മാരകമായി നിലനിര്‍ത്തുമെന്ന് മന്ത്രി കെ സി ജോസഫ്. ഹൈബി ഈഡന്‍ എംഎല്‍എയുടെ ആവശ്യപ്രകാരം കോളജ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. ഡൊമനിക് പ്രസന്റേഷന് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. ഇതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ അദ്ദേഹം പുരാവസ്തു വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ഹാളിലെ തറയില്‍ വിരിച്ചിരിക്കുന്ന മരങ്ങള്‍ ഉള്‍പ്പടെയുള്ളവ നിലനിര്‍ത്തിയാവും അസംബ്ലിഹാള്‍ സംരക്ഷണം. വേണ്ടത്ര ഫണ്ടില്ലാത്തതിനാല്‍ ഹാള്‍ ശോച്യാവസ്ഥയിലായിട്ടുണ്ട്. ഇത് നവീകരിച്ച് സംരക്ഷണ ചുമതല ലോ കോളജിനെ തന്നെ ഏല്‍പ്പിക്കും. നേരത്തെ സാംസ്‌കാരിക സമ്മേളനങ്ങള്‍ ഉള്‍പ്പടെയുള്ളവ ഇവിടെ നടത്തിവന്നിരുന്നു.
1918ല്‍ ജനപ്രതിനിധികളെ ഭരണത്തില്‍ പങ്കാളിയാക്കണമെന്ന കൊച്ചി മഹാജനസഭയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രജകളെ ഭരണത്തില്‍ പങ്കാളിയാക്കുമെന്ന പ്രഖ്യാപനം മഹാരാജാവ് അക്കൊല്ലം തന്നെ നടത്തിയത്. 1921ല്‍ ഇതുസംബന്ധിച്ച കരട് നിര്‍ദേശം ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1923 ല്‍ കൊച്ചിന്‍ കൗണ്‍സില്‍ റഗുലേഷന്‍ രൂപീകരിച്ച് നിയമം നിലവില്‍ വന്നു. 1925നാണ് നിയമനിര്‍മാണ സഭയുടെ ഉദ്ഘാടനം മഹാരാജാവ് നിര്‍വഹിച്ചത്. ഇന്ത്യയിലാദ്യമായി ഒരു വനിത നിയമസഭയില്‍ അംഗമാകുന്നതും കൊച്ചി നിയമസഭയിലാണ്. തോട്ടയ്ക്കാട്ട് മാധവിയമ്മ. 45 പേരായിരുന്നു സഭാംഗങ്ങള്‍. ഇതില്‍ 30 പേര്‍ അനൗദ്യോഗികാംഗങ്ങളായിരുന്നു. തൃപ്പൂണിത്തുറ ഹില്‍പാലസ് ദര്‍ബാര്‍ഹാളിലെ മുകള്‍ നിലയിലാണ് ആദ്യനിയമസഭ ചേര്‍ന്നത്. പിന്നീടാണ് കൗണ്‍സില്‍ ഹാളായി ഇന്നത്തെ ലോകോളജിന്റെ പ്രധാന കെട്ടിടം വരുന്നത്.
Next Story

RELATED STORIES

Share it