കൊച്ചി നഗരസഭ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചു; അഞ്ചുലക്ഷം രൂപ പിഴയടക്കണമെന്ന് ഹരിത കോടതി

കൊച്ചി: കൊച്ചി നഗരസഭ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതിന് അഞ്ചു ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് ദേശീയ ഹരിത ടൈബ്യൂണലിന്റെ ഉത്തരവ്. മാലിന്യസംസ്‌കരണ പ്ലാന്റിനായി പള്ളുരുത്തി ചിറയ്ക്കല്‍ മുണ്ടന്‍വേലിയില്‍ അഞ്ച് ഏക്കറോളം കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചും കായല്‍ നികത്തിയും തീരദേശ പരിപാലനനിയമം ലംഘിച്ചും നിര്‍മാണം ആരംഭിച്ച നഗരസഭയുടെ നടപടി ദേശീയഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. ഇതിനായി 2010 ഡിസംബര്‍ 23 ന് സര്‍ക്കാര്‍ ഇറക്കിയ ടെന്‍ഡര്‍ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും തീരദേശ പരിപാലന വിജ്ഞാപനത്തിന്റെ ലംഘനമാണെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി.
പദ്ധതിക്കായി 2012 ഡിസംബര്‍ 13ന് കേരള തീരദേശ പരിപാലന അതോറിറ്റി നല്‍കിയ അനുമതിയും ട്രൈബ്യൂണല്‍ റദ്ദാക്കി. നശിപ്പിച്ച കണ്ടല്‍ക്കാടുകള്‍ക്ക് പകരം കണ്ടല്‍ വച്ച് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി നിയമവിരുദ്ധമാണ്. സിആര്‍ഇസഡ് നിയമത്തില്‍ ഇളവനുവദിക്കേണ്ടത് കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ്. കെസിഇസഡ്എംഎക്ക് ഇതിന് അധികാരമില്ല. പരാതിക്കാരെയും മറ്റു പദ്ധതി ബാധിതരെയും കേട്ടശേഷം കെസിഇസഡ്എംഎ പുതിയ തീരുമാനം എടുക്കണം. ആയത് പരിഗണിച്ച് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
പരിസ്ഥിതി നാശം വരുത്തിയ കൊച്ചിന്‍ കോര്‍പറേഷന്‍ അ#േ#േഞ്ചു ലക്ഷം രൂപ പിഴയടയ്ക്കാനും സംസ്ഥാന നഗരവികസനപദ്ധതി എന്ന സര്‍ക്കാര്‍ ഏജന്‍സി പരാതിക്കാരന് 50,000 രൂപ കോടതിച്ചെലവ് നല്‍കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ജസ്റ്റിസ് പി ജ്യോതിമണി, ഡോ. ആര്‍ നാഗേന്ദ്രന്‍ എന്നിവരടങ്ങുന്ന ചെന്നൈ ബെഞ്ചിന്റെതാണ് വിധിന്യായം. കൊച്ചി സ്വദേശിയും എന്‍എപിഎം സംസ്ഥാന കണ്‍വീനറുമായ വി ഡി മജീന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് ദേശീയഹരിത ട്രൈബ്യൂണലിന്റെ വിധി. അഡ്വ. ഹരീഷ് വാസുദേവന്‍ പരാതിക്കാരനുവേണ്ടി ഹാജരായി.
Next Story

RELATED STORIES

Share it