കൊച്ചി ജലമെട്രോ: കരാര്‍ ഒപ്പിട്ടു; ചെലവ് 747 കോടി

കൊച്ചി ജലമെട്രോ: കരാര്‍ ഒപ്പിട്ടു; ചെലവ് 747 കോടി
X
kochi-water-metro.

കെ എ സലിം



ന്യൂഡല്‍ഹി: കേരളത്തിന്റെ വാണിജ്യസിരാകേന്ദ്രമായ കൊച്ചിയുടെ ജലഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ മാറ്റാന്‍ ജലമെട്രോ വരുന്നു. ഇതുസംബന്ധിച്ച കരാറില്‍ സംസ്ഥാന സര്‍ക്കാരും ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെഎഫ്ഡബ്ല്യൂവും തമ്മില്‍ ഒപ്പുവച്ചു. കേരളാ ഹൗസിലായിരുന്നു ചടങ്ങ്. അഡീഷനല്‍ ചീഫ് സെക്രട്ടറി (ഗതാഗതം), കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ (ഫിനാന്‍സ്) എബ്രഹാം ഉമ്മന്‍, കെഎഫ്ഡബ്യൂ ഡയറക്ടര്‍ പീറ്റര്‍ ഹില്ലിഗസ് എന്നിവരാണു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവച്ചത്.
രാജ്യത്തെ ആദ്യ നഗരജലഗതാഗത പദ്ധതിയാണിത്. ഗതാഗതക്കുരുക്കിനു പരിഹാരമെന്നോണം കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി മെട്രോ ഫീഡര്‍ എന്ന നിലയിലാണു പദ്ധതി നടപ്പാക്കുക. കൊച്ചിയിലെ വിശാലമായ ജലഗതാഗത സംവിധാനമായി ഇതു മാറും. ഭൂമിയേറ്റെടുക്കലിനുള്ള 72 കോടി രൂപയ്ക്കു പുറമെ 747 കോടിയാണു പദ്ധതി ചെലവ്. ഇതില്‍ 85 ദശലക്ഷം യൂറോ (597 കോടി രൂപ) കെഎഫ്ഡബ്ല്യൂ വായ്പയായി നല്‍കും. 102 കോടി രൂപ സംസ്ഥാനസര്‍ക്കാരും അനുവദിക്കും.
2020 ഓടെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ചായിരിക്കും ജലമെട്രോ സര്‍വീസ് നടത്തുക. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ പദ്ധതി പരിഗണനയിലുണ്ടായിരുന്നെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങി. തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മൂന്നുദിവസംകൊണ്ട് സാങ്കേതികതടസ്സങ്ങള്‍ നീക്കി കരാറൊപ്പിടാനുള്ള അനുമതി നല്‍കുകയായിരുന്നു.
നിലവിലുള്ള ബോട്ടുകള്‍ ആധുനികരീതിയില്‍ നവീകരിക്കുകയും പുതിയ ബോട്ടുകള്‍ വാങ്ങുകയുമാണു പദ്ധതിയുടെ സുപ്രധാന ഭാഗം. ശീതീകരിച്ച, വൈഫൈ സൗകര്യമുള്ള അത്യാധുനിക ബോട്ടുകളാവും സജ്ജീകരിക്കുക. ഒരേസമയം 50 മുതല്‍ 100 പേര്‍ക്കുവരെ യാത്രചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും.
യാത്രക്കാരുടെയും ചെറു വള്ളങ്ങളുടെയും സുരക്ഷയുറപ്പാക്കുന്ന വേഗത്തിലായിരിക്കും സര്‍വീസ് നടത്തുക. ബോട്ടുജെട്ടികളും അനുബന്ധ പ്രദേശങ്ങളിലെ റോഡുകളും നവീകരിക്കും. 38 ജെട്ടികളില്‍ 16 എണ്ണം ആദ്യഘട്ടത്തില്‍ വികസിപ്പിക്കാനാണു പദ്ധതി. ഭിന്നശേഷിക്കാര്‍ക്കു യാത്രചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, പരിസ്ഥിതിസൗഹൃദ യാത്ര പ്രോല്‍സാഹിപ്പിക്കുന്നതിന് സൈക്കിള്‍ നല്‍കുന്നതിനുള്ള സംവിധാനം, വൈഫൈ തുടങ്ങിയ സൗകര്യങ്ങള്‍ ബോട്ടുജെട്ടികളില്‍ സജ്ജീകരിക്കും. മെട്രോയിലും അനുബന്ധപ്രദേശങ്ങളിലും ഉടനീളം സിസിടിവി കാമറകള്‍ സ്ഥാപിക്കും. ബോട്ടുകളിലേക്ക് ആളുകള്‍ക്ക് എത്തുന്നതിന് ഫീഡര്‍ ബസ്സുകളും ഇലക്‌ട്രോണിക് റിക്ഷകളും മറ്റു യാത്രാസൗകര്യങ്ങളും ഒരുക്കും.
കൊച്ചി മെട്രോ മാതൃകയില്‍ ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ സംവിധാനം തന്നെയാവും ജലമെട്രോയിലും നടപ്പാക്കുക. കൊച്ചി മെട്രോയിലും ജലമെട്രോയിലും ഒരേ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാനാവും. ഇന്റലിജന്റ് നാവിഗേഷന്‍ സംവിധാനവും ഓപറേഷന്‍ കണ്‍ട്രോള്‍ സെന്ററും കൊച്ചി നഗരത്തിലെ ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനവുമായി സംയോജിപ്പിക്കും.
നിര്‍മാണം അടുത്തമാസം ആരംഭിക്കുമെന്നും നാലുവര്‍ഷത്തിനകം കമ്മീഷന്‍ ചെയ്യാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലമെട്രോയിലൂടെ ജര്‍മനിയും കേരളവും തമ്മിലുള്ള ബന്ധമാണ് സുദൃഢമാവുന്നതെന്ന് കെഎഫ്ഡബ്ല്യൂ ഡയറക്ടര്‍ പീറ്റര്‍ ഹിലിജസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it