കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡിസൈന്‍ ഒരാഴ്ചയ്ക്കകം

കൊച്ചി: കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യഘട്ടമായി ആരംഭിക്കുന്ന ഒപി വിഭാഗത്തിന്റെ ഡിസൈനും സ്റ്റാഫ് പാറ്റേണും ഒരാഴ്ചയ്ക്കകം തയ്യാറാവും. മെഡിക്കല്‍ കോളജില്‍ നിന്ന് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി വിട്ടുകിട്ടിയ കെട്ടിടത്തിലാണ് ഒപി വിഭാഗം താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക. തിരുവനന്തപുരം ആര്‍സിസി മാതൃകയിലാണ് സ്റ്റാഫ് പാറ്റേണ്‍ തയ്യാറാക്കുന്നത്.
കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാവുംവരെ താല്‍ക്കാലികമായാണ് ഇത് ഉപയോഗിക്കുക. പൊതുമരാമത്ത് വകുപ്പാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി ലഭിച്ച കെട്ടിടത്തില്‍ ഒപി വിഭാഗം തയ്യാറാക്കുന്നത്. തിരുവനന്തപുരം ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ ആര്‍സിസി മാതൃകയില്‍ സ്റ്റാഫ് പാറ്റേണ്‍ തയ്യാറാക്കും.
കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ടെക്‌നിക്കല്‍ ഓഫിസര്‍ ഡോ. വി പി ഗംഗാധരന്‍ ഇവ പരിശോധിക്കും. ഫണ്ട് ലഭിച്ചാലുടന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. ആഷാ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. തുടക്കത്തില്‍ മെഡിക്കല്‍ കോളജില്‍ നിലവിലുള്ള ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും.
ഒപിയാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നതെങ്കിലും ഇവിടെയെത്തുന്ന രോഗികള്‍ക്കായി ആറു കിടക്കകള്‍ മാറ്റിവയ്ക്കും. ഇതിനായി പ്രത്യേക വാര്‍ഡ് ഒന്നാംനിലയില്‍ തുടങ്ങും. എ ബ്ലോക്കിന്റെ ഒരുവശത്തുള്ള കവാടം അടിയന്തര ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കും.
ഗ്രൗണ്ട് ഫ്‌ളോറില്‍ ആറ് കണ്‍സള്‍ട്ടേഷന്‍ റൂമാണ് സ്ഥാപിക്കുക. രണ്ടു മുറികള്‍ മെഡിക്കല്‍ ഓങ്കോളജി, രണ്ട് മുറികള്‍ സര്‍ജിക്കല്‍ ഓങ്കോളജി, ഒരു മുറി റേഡിയേഷന്‍ ഓങ്കോളജി, ഒരു മുറി പാലിയേറ്റീവ് കെയര്‍ എന്നിവയ്ക്കു മാറ്റിവയ്ക്കും.
Next Story

RELATED STORIES

Share it