കൊച്ചിയില്‍ ബാര്‍ജ് വഴിയുള്ള അമോണിയ കടത്ത് കലക്ടര്‍ നിരോധിച്ചു

കൊച്ചി: അമോണിയ പോലുള്ള രാസപദാര്‍ഥങ്ങള്‍ ബാര്‍ജ് വഴി കൊണ്ടുപോവുന്നത് നിരോധിച്ചു കൊണ്ട് എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം ഉത്തരവിട്ടു. അമോണിയ ചോര്‍ച്ച സംഭവവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച അനേഷിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഫാക്ടിലേക്കു കൊണ്ടുപോയ അമോണിയ അടങ്ങിയ ബാര്‍ജ് തൈക്കുടത്തിനു സമീപം ചോര്‍ന്ന സംഭവം ഫാക്ടിന്റെ സുരക്ഷാ വീഴ്ചയെന്ന് കലക്ടര്‍ വ്യക്തമാക്കി.
ഫാക്ടറിയും ബോയ്‌ലറും ബാര്‍ജും വിശദമായി പരിശോധിക്കുകയും ബാര്‍ജ് രാസപദാര്‍ഥങ്ങള്‍ കൊണ്ടുപോവാന്‍ പര്യാപ്തമാണോ എന്നും അന്വേഷിച്ച് ജൂണ്‍ ഒന്നിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 33 പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഈ ബാര്‍ജില്‍ അമോണിയ കൊണ്ടുപോവുന്നത് കലക്ടര്‍ നിരോധിച്ചത്.
വാട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബോട്ട് ഫ്‌ളോട്ടിങ് പമ്പ്, മാസ്‌ക് സഹിതമുള്ള ഒാക്‌സിജന്‍ സിലിണ്ടര്‍, എഎസ്‌കെഎ ലൈറ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ രണ്ടു മാസത്തിനകം ഏര്‍പ്പാടാക്കണമെന്നും കലക്ടര്‍ ഉത്തരവിട്ടു. ഇതില്‍ വീഴ്ച വരുത്തിയാല്‍ ബാര്‍ജ് വഴി അമോണിയ കൊണ്ടുപോവുന്നത് പൂര്‍ണമായി നിരോധിക്കേണ്ടി വരുമെന്നും കലക്ടര്‍ വ്യക്തമാക്കി. അമോണിയ കൊണ്ടുപോയ ബാര്‍ജിന് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല. ബാര്‍ജിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചും സംശയമുണ്ട്. സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഫാക്ടിന്റെ ഭാഗത്ത് നിന്നു വീഴ്ച സംഭവിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ നിയോഗിച്ചിരുന്നില്ല. ഫയര്‍ എന്‍ജിനീയറുടെ സേവനവും ലഭ്യമാക്കിയില്ല. ഇതാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജനവാസ മേഖലയില്‍ കൂടി അമോണിയ കൊണ്ടു പോയത് അതീവ ഗുരുതരമായ വീഴ്ചയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെയാണ് വൈറ്റില ചമ്പക്കരയ്ക്കു സമീപം ഫാക്ടിലേക്ക് അമോണിയ കൊണ്ടുപോയ ബാര്‍ജ് ചോര്‍ന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റി സംഘം, പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ എന്നിവര്‍ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വൈറ്റിലയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 200ഓളം പേരെയാണ് രാത്രി ഒഴിപ്പിച്ചത്. രാത്രി 12 മണിയോടെയാണ് ചോര്‍ച്ച അടച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
Next Story

RELATED STORIES

Share it