ernakulam local

കൊച്ചിയില്‍ എല്ലാവര്‍ക്കും വീടുമായി നഗരസഭ

കൊച്ചി: നഗരത്തില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീടുമായി നഗരസഭ. പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) പദ്ധതി പ്രകാരം നിര്‍മിക്കുന്ന ഈ വീടുകളില്‍ ഒരു ബെഡ്‌റൂം, ഹാള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിവ ഉണ്ടാവും.
320 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. വീടിന്റെ വിസ്തീര്‍ണം വര്‍ധിപ്പിച്ചാല്‍ സബ്‌സിഡി നഷ്ടപ്പെടും. സ്ഥലമാണ് നഗരസഭയുടെ മൂലധനം. ഇടപാടുകള്‍ മുഴുവന്‍ ബാങ്കുകള്‍ വഴിയാണ്.
15 വര്‍ഷമാണ് ഭവനവായ്പയുടെ തിരിച്ചടവിന്റെ കാലാവധി. നിലവിലുളള പലിശയില്‍ നിന്ന് ആറര ശതമാനം കുറഞ്ഞ പലിശയില്‍ ലോണ്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. അതേസമയം നഗരത്തിലെ ഭവനരഹിതരെ 320 ചതുരശ്ര അടി മീറ്ററില്‍ ഒതുക്കാനുളള നീക്കത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഒന്നുപോലെ എതിര്‍ത്തു.
പദ്ധതിയില്‍ കൃത്യതയില്ലെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി രൂപീകൃതമായ പദ്ധതി കേരളത്തിലെ ജനങ്ങളെ അടിച്ചേല്‍പ്പികുകയാണെന്നും പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ചൂണ്ടിക്കാട്ടി. പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള നിര്‍ദേശങ്ങളില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ അവ്യക്തത ആരോപിച്ചു. 320 ചതുരശ്ര അടിയുടെ വീട് കേരളത്തിന്റെ പരിസ്ഥിതിക്ക് യോജിച്ചക്കാത്തവയാണെന്ന് കെ ആര്‍ പ്രേംകുമാര്‍ പറഞ്ഞു. സുനിതാ ശെല്‍വന്‍, സി ടി ചന്ദ്രന്‍ എന്നീ കൗണ്‍സിലര്‍മാരും പദ്ധതിയില്‍ കൂടുതല്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടു.
ചേരി വികസന പദ്ധതി പ്രകാരമുള്ള സ്വകാര്യ പങ്കാളിത്തം സംബന്ധിച്ചും ഭൂമിയുടെ അവകാശം സംബന്ധിച്ചും വായ്പയുടെ സബ്‌സിഡി സംബന്ധിച്ചും അംഗങ്ങള്‍ സംശയം ഉന്നയിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ ചെയര്‍മാനായി കമ്മറ്റി രൂപീകരിക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. എഡിഎസ് ചെയര്‍പേഴ്‌സണ്‍, അങ്കണവാടി ടീച്ചര്‍മാര്‍, കണ്‍വീനറായി നഗരസഭ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍, രണ്ട് സര്‍വെയര്‍മാര്‍ എന്നിവരും കമ്മറ്റിയില്‍ അംഗങ്ങളാവും. അയല്‍കുട്ടങ്ങള്‍ നല്‍കുന്ന പട്ടികയില്‍ നിന്നും സര്‍വെ നടത്തി ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടിക ജനുവരി എട്ടിന് നഗരസഭയ്ക്ക് നല്‍കണം.
സര്‍വെ നടത്താന്‍ സര്‍വെയര്‍മാര്‍ക്ക് 30നും ജനുവരി നാലിനും പരിശീലനം നല്‍കും. 18ന് അവസാന പട്ടിക തയ്യാറാകും. ജനുവരി 30ന് മുമ്പായി പട്ടിക കൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മേയര്‍ സൗമിനി ജെയ്ന്‍ പറഞ്ഞു.— കൗണ്‍സിലിന്റെ ഏകകണ്ഠമായ അഭിപ്രായം മാനിച്ച് വീടിന്റെ വിസ്തൃതി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു.
മേയര്‍ ചെയര്‍മാനായ ഒന്‍പതംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് പദ്ധതിയുടെ ആകെ നിര്‍വഹണ ചുമതല. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ചേരിനിര്‍മാര്‍്ജന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിന്ന് കൊച്ചി നഗരസഭയെയും തൃക്കാക്കര മുനിസിപ്പാലിറ്റിയെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it