ernakulam local

കൊങ്കണി സമുദായംഗമായ ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് തിരുമല ദേവസ്വത്തിന്റെ വിലക്ക്

കൊച്ചി: കൊച്ചി കോര്‍പറേഷനിലേക്ക് മല്‍സരിക്കുന്ന കൊങ്കണി സമുദായംഗമായ ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് തിരുമല ദേവസ്വത്തിന്റെ വിലക്ക്. വിലക്കിന് പിന്നില്‍ ദേവസ്വത്തിലെ ബിജെപിക്കാരെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
66ാം ഡിവിഷനില്‍ മല്‍സരിക്കുന്ന രാജ്കുമാര്‍ കമ്മത്തിനാണ് തിരുമല ദേവസ്വം മാനേജിങ് ട്രസ്റ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. സമുദായത്തിന്റെ ഒരു സ്ഥാനത്തേക്കും രാജ്കുമാര്‍ കമ്മത്തിനെ മേലില്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കരുതെന്നാണ് ട്രസ്റ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റായ 66ാം ഡിവിഷനില്‍ സമുദാംയാംഗമായ സുധാ ദിലീപാണ് ഇക്കുറിയും ബിജെപി സ്ഥാനാര്‍ഥി. സമുദായാംഗങ്ങള്‍ക്കിടയില്‍ വലിയതോതില്‍ സ്വാധീനമുള്ള ബിസിനസുകാരന്‍ കൂടിയാണ് രാജ്കുമാര്‍ കമ്മത്ത്. ബിജെപി സ്ഥാനാര്‍ഥിയുടെ വിജയസാധ്യതയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് സമുദായ നേതൃത്വം തനിക്കെതിരേ വിലക്ക് ഭീഷണിയുമായി രംഗത്തുവന്നതെന്ന് രാജ്കുമാര്‍ കമ്മത്ത് തേജസിനോട് പറഞ്ഞു.
നോമിനേഷന്‍ നല്‍കിയതോടെ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുടെ സ്വരത്തിലുള്ള സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ ഒന്നും ഫലിക്കാതെ വന്നതോടെയാണ് മേലില്‍ തന്നെ സമുദായത്തിന്റെ ഒരു സ്ഥാനത്തേക്കും തിരഞ്ഞെടുക്കാന്‍ പാടില്ലെന്ന തരത്തില്‍ വിലക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഇവരുടെ വിലക്ക് നിലനില്‍ക്കില്ലെന്നും രാജ്കുമാര്‍ കമ്മത്ത് പറഞ്ഞു.
16 വര്‍ഷം തിരുമല ദേവസ്വം മാനേജിങ് ട്രസ്റ്റിയായിരുന്ന തനിക്ക് സമുദായാംഗങ്ങള്‍ക്കിടയിലുള്ള സ്വാധീനംമൂലം വിറളി പൂണ്ടവരാണ് ഈ നടപടിക്ക് പിന്നില്‍. ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ വിലക്കുമെന്ന് പറയാന്‍ ഇവിടെ രാജഭരണമല്ല, ജനാധിപത്യമാണ് നിലനില്‍ക്കുന്നത്. ഭൂരിപക്ഷം വരുന്ന സമുദായാംഗങ്ങള്‍ തനിക്ക് വോട്ടു ചെയ്യുമെന്നാണ് ഉറച്ച വിശ്വാസമെന്ന് കമ്മത്ത് വ്യക്തമാക്കി.
Next Story

RELATED STORIES

Share it