കൈ പൊക്കി വോട്ടിങ്; ചരിത്രത്തിലെ അപൂര്‍വത ചിറക്കല്‍ പഞ്ചായത്തിനു സ്വന്തം

കണ്ണൂര്‍: പ്രാദേശിക ജനപ്രതിനിധികളെ നിര്‍ണയിക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് സാങ്കേതികവിദ്യകളുടെ പരീക്ഷണകാലംകൂടിയാണ്. ഇതുവരെ ഉപയോഗിച്ചിരുന്ന ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറും ഓര്‍മയായതോടെ പകരം അവതരിക്കുന്നത് മള്‍ട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍. എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ജനവിധി വിജയകരമായി പരീക്ഷിച്ച അത്യപൂര്‍വത കണ്ണൂരിലെ ചിറക്കല്‍ പഞ്ചായത്തിനുണ്ട്. കൈപൊക്കിക്കാണിച്ചു തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച ചരിത്രം. സമ്പന്നമായ രാജഭരണത്തിന്റെ ചരിത്രം കോറിയിട്ട ചിറക്കല്‍ ജനാധിപത്യത്തിന്റെ വേറിട്ട രീതികൂടിയാണു പറയുന്നത്. തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയ പഞ്ചായത്ത് എന്ന ഖ്യാതിയും ചിറക്കലിനുതന്നെ.

ഇക്കാര്യം മോസ്‌കോ റേഡിയോ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തിരുന്നു. അന്നുമുതല്‍ ഇന്നുവരെ ഇവിടുത്തെ ഭരണവും സി.പി.എം. നിയന്ത്രണത്തിലാണ്. സാമൂതിരി രാജവംശത്തിനു സമാനമായി പ്രശസ്തിയും പ്രതാപവുമുണ്ടായിരുന്ന കോലത്തിരി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ചിറക്കല്‍. ബ്രിട്ടീഷ് ഭരണത്തില്‍ ഏറെക്കാലം ഇവിടം ചിറക്കല്‍ താലൂക്കായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം റവന്യൂ വിഭജനത്തെത്തുടര്‍ന്നു മദിരാശി തദ്ദേശഭരണ ആക്റ്റ് പ്രകാരമാണു പ്രദേശം ഇന്നത്തെ ചിറക്കല്‍ പഞ്ചായത്തായി രൂപംകൊണ്ടത്. ഇന്നത് 3,330 ഏക്കറായി വ്യാപിച്ചുകിടക്കുന്നു.

1949 ജൂലൈയില്‍ രാജാസ് യു.പി. സ്‌കൂളിലായിരുന്നു ചരിത്രത്തില്‍ ഇടംനേടിയ തിരഞ്ഞെടുപ്പ് നടന്നത്. കൈ പൊക്കിയായിരുന്നു വോട്ടിങ്. എഴുത്തും വായനയും അറിയാവുന്ന 21 വയസ്സ് തികഞ്ഞവര്‍ക്കു മാത്രമായിരുന്നു വോട്ടവകാശം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സജീവമായിരുന്നെങ്കിലും ഭരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കെ പി നാരായണനായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി.
Next Story

RELATED STORIES

Share it