കൈവിടരുത് ഈ നക്ഷത്രങ്ങളെ

പി എന്‍ മനു

ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ തലസ്ഥാനം കേരളം തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു. എതിരാളികള്‍ക്ക് തുടക്കം മുതല്‍ പിടികൊടുക്കാതെ കുതിച്ചാണ് കേരളം തുടര്‍ച്ചയായി 19ാം തവണയും ദേശീയ സ്‌കൂള്‍ കായികമേളയില്‍ കിരീടം ചൂടിയത്. സംഘാടനമികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വന്‍ വിജയമായി മാറിയ കായികമേള കൂടിയായിരുന്നു ഇത്.
നിരവധി നക്ഷത്രങ്ങളാണ് ഈ മേളയിലൂടെ കായിക ഇന്ത്യയുടെ മാനത്ത് ഉദിച്ചുയര്‍ന്നത്. ഈ നക്ഷത്രങ്ങളെ തിളക്കം നഷ്ടപ്പെടാതെ നിലനിര്‍ത്തുകയെന്നതാണ് നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സാമ്പത്തികമായും അല്ലാതെയും മികച്ച പിന്തുണ നല്‍കിയെങ്കില്‍ മാത്രമേ ഇവരെ കേരളത്തിന് ലോകത്തിനു മുന്നില്‍ എത്തിക്കാനാവുകയുള്ളൂ.
വിവാദങ്ങള്‍ തീരാത്ത കായികമേള
ഈ ദേശീയ സ്‌കൂള്‍ കായികമേള തുടങ്ങുന്നതിനു മുമ്പ് തന്നെ വിവാദങ്ങളുടെ പിടിയിലായിരുന്നു. വേദി സംബന്ധിച്ച അനിശ്ചിതത്വമായിരുന്നു ഇവയില്‍ ആദ്യത്തേത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ മീറ്റ് നടത്തണമെന്ന ആവശ്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉറച്ചുനിന്നതോടെ ഇത്തവണ മേള മുടങ്ങിയേക്കുമെന്ന് ഏവരും ഭയപ്പെട്ടു. എന്നാല്‍ മീറ്റില്‍ ലിംഗവിവേചനം പാടില്ലെന്ന നിലപാടെടുത്ത കേരളം ധൈര്യപൂര്‍വ്വം മീറ്റിന് ആതിഥേയത്വം വഹിക്കാന്‍ സമ്മതമറിയിച്ചു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പും മറ്റുമുള്ളതിനാല്‍ മീറ്റ് തല്‍ക്കാലത്തേക്ക് തങ്ങള്‍ക്ക് നടത്താനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തു. എന്നാല്‍ അഞ്ജു ബോബി ജോര്‍ജ്, പി ടി ഉഷ എന്നിവരടക്കമുള്ള മുന്‍ ഒളിംപ്യന്‍മാരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ മേളയ്ക്ക് പച്ചക്കൊടി കാട്ടി. കഴിഞ്ഞ സംസ്ഥാന മീറ്റ് ഗംഭീരമായി നടത്തിയ കോഴിക്കോടിന് നറുക്ക് വീണതില്‍ ആര്‍ക്കും അസംതൃപ്തിയില്ലായിരുന്നു. കാരണം കേരളത്തിലെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്കും കാണികളുടെ പങ്കാളിത്തവുമെല്ലാം കോഴിക്കോടിന്റെ പ്ലസ് പോയിന്റായിരുന്നു.
മീറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചതോടെ മറ്റൊരു വിവാദം തലപൊക്കി. 21 ഇനങ്ങളില്‍ ഇത്തവണ കേരളം മല്‍സരിക്കില്ലെന്നതാണ് പുതിയ വിവാദത്തിനു തുടക്കമിട്ടത്. അത്‌ലറ്റിക് ഫെഡറേഷന്റെ നിയമാവലിയില്‍ പോലുമില്ലാത്ത യോഗ്യതാ മാര്‍ക്കെന്ന പുതിയ സംഭവം കൊണ്ടുവന്നതോടെയാണ് നിരവധി താരങ്ങളെ ഒഴിവാക്കേണ്ടിവന്നത് എന്നാണ് കേരളത്തിന്റെ ന്യായം.
എന്നാല്‍ കേരളത്തിനു മാത്രം പ്രത്യേക നിയമമെന്തിനെന്ന് ചോദിച്ച് നിരവധി മുന്‍ താരങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളെല്ലാം പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ കേരളം എന്തിനാണ് ഇതിനെതിരേ നില്‍ക്കുന്നതെന്ന് പ്രമുഖര്‍ ചോദിക്കുന്നു. ഈ ഇനങ്ങളില്‍ മല്‍സരിക്കാന്‍ ആളില്ലാത്തതു മൂലം പല മെഡലുകളും കേരളത്തിനു നഷ്ടമായിട്ടുണ്ട്.
ദേശീയ സ്‌കൂള്‍ മീറ്റ് പോലൊരു വലിയ വേദിയില്‍ മികവ് തെളിയിക്കാനുള്ള അത്‌ലറ്റുകളുടെ അവസരമാണ് ഇതോടെ നിഷേധിക്കപ്പെടുന്നത്. സംസ്ഥാന മീറ്റില്‍ വെള്ളി നേടിയ പലരും ദേശീയ മീറ്റില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ ചരിത്രമുണ്ട്. അപ്പോഴാണ് കേരളത്തിന്റെ ഈ അവഗണന എത്രത്തോളം ഗൗരവമാണെന്നു ബോധ്യമാവുക.
അടുത്ത വര്‍ഷം മുതല്‍ ദേശീയ മീറ്റില്‍ യോഗ്യതാ മാര്‍ക്ക് കര്‍ശനമായി നടപ്പാക്കാന്‍ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ആലോചിക്കുന്നതായാണ് സൂചന. യോഗ്യതാ മാര്‍ക്കില്‍ ചെറിയ ഇളവ് വരുത്തി സംസ്ഥാന മീറ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയവരെയെങ്കിലും ദേശീയ മീറ്റില്‍ പങ്കെടുപ്പിക്കണം. അല്ലെങ്കില്‍ ഇതു ഭാവിയില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ തന്നെ ദുര്‍ബലമാക്കും.
സ്പ്രിന്റില്‍ കേരളത്തിന് അടിപതറുന്നു
1990 കളില്‍ ദേശീയ സ്‌കൂള്‍ മീറ്റ് ആരംഭിച്ചതു മുതല്‍ സ്പ്രിന്റ് ഇനങ്ങളിലാണ് കേരളം കൂടുതല്‍ ശോഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്പ്രിന്റിലെ ആധിപത്യം കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാടും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമാണ് ഇപ്പോള്‍ കേരളത്തിനു ഭീഷണിയായിരിക്കുന്നത്.
ഇത്തവണത്തെ മീറ്റില്‍ ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ കേരളത്തിന് ഒരു സ്വര്‍ണം പോലും നേടാന്‍ കഴിഞ്ഞില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. റിലേയിലും കേരളത്തിന് അടിപതറി. 200 മീറ്ററിലും 400 മീറ്ററിലും കേരളത്തിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചില്ല. ദീര്‍ഘദൂര ഇനങ്ങളിലും നടത്തത്തിലും ഫീല്‍ഡ് ഇനങ്ങളിലുമാണ് കേരളം കൂടുതല്‍ മെഡലുകള്‍ കരസ്ഥമാക്കിയത്.
ത്രോ, ജംപ് ഇനങ്ങളില്‍ നേരത്തേ തന്നെ കേരളത്തിന് നേട്ടം കൊയ്യാന്‍ സാധിക്കാറില്ല. പഞ്ചാബ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് കരുത്തുകാട്ടാറുള്ളത്. സ്പ്രിന്റില്‍ മികവുള്ള കുട്ടികളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വന്നില്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കകം കേരളത്തിന് ചാംപ്യന്‍പട്ടം കൈയൊഴിയേണ്ടിവരും.
അരങ്ങ് വാഴുന്ന പെണ്‍കുട്ടികള്‍
പെണ്‍കരുത്തിലാണ് കേരളം ഇത്തവണയും മീറ്റില്‍ ഓവറോള്‍ കിരീടം ചൂടിയത്. ഏറെ വര്‍ഷങ്ങളായി ഇതു തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മുഹമ്മദ് അഫ്‌സലിനെപ്പോലെ ചുരുക്കം ചില ആണ്‍കുട്ടികള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും പെണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ കുറവാണ്.
ഓരോ മേള കഴിയുന്തോറും കഴിവുള്ള ആണ്‍കുട്ടികള്‍ കുറഞ്ഞുവരുന്നതിനെക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കേണ്ടതാണ്. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മികച്ച പ്രകടനം നടത്തുന്ന പലര്‍ക്കും ദേശീയ മീറ്റില്‍ തിളങ്ങാന്‍ കഴിയുന്നില്ല. പരിശീലനത്തിലും മറ്റും ആണ്‍കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാത്തത് ഒരു കാരണമായിരിക്കാം.
അതോടൊപ്പം മറ്റു ചില സംസ്ഥാനങ്ങള്‍ പ്രായത്തട്ടിപ്പ് പോലുള്ള കൃത്രിമം കാണിക്കുന്നതും കേരളത്തിലെ ആണ്‍കുട്ടികളുടെ വീഴ്ചയ്ക്കു കാരണമാണ്. മനപ്പൂര്‍വ്വം ഒരേ ക്ലാസില്‍ തോറ്റു പഠിക്കാന്‍ നിര്‍ബന്ധിച്ചാണ് ചില സംസ്ഥാനങ്ങള്‍ അധികൃതരെ കബളിപ്പിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. അടുത്ത മീറ്റ് മുതല്‍ പ്രായത്തിന്റെ കാര്യത്തിലും നിയമം കര്‍ശനമാക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കേണ്ടതുണ്ട്. യോഗ്യതാ മാര്‍ക്കിനൊപ്പം ഇതും നിര്‍ബന്ധമാവുന്നതോടെ മീറ്റിന്റെ നിലവാരവും വര്‍ധിക്കും.
മീറ്റ് നല്‍കിയ സുവര്‍ണതാരങ്ങള്‍
ഒരുപിടി മികച്ച താരങ്ങളെയാണ് ഈ മീറ്റ് കേരളത്തിനു സംഭാവന നല്‍കിയത്. മേളയിലെ തന്നെ ഒരേയൊരു ട്രിപ്പിള്‍ സ്വര്‍ണനേട്ടക്കാരിയായ കോഴിക്കോടിന്റെ ലിസ്ബത്ത് കരോലിന്‍ ജോസഫാണ് മിന്നും താരം. കോഴിക്കോട് പുല്ലൂരാംപാറ എച്ച്എസ്എസിലെ വിദ്യാര്‍ഥിയായ ലിസ്ബത്ത് ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപ്, ലോങ്ജംപ്, ഹൈജംപ് എന്നിവയിലാണ് സ്വര്‍ണമണിഞ്ഞത്.
ട്രിപ്പിള്‍ ജംപില്‍ റെക്കോഡും താരം കുറിച്ചിരുന്നു. ഇരട്ടസ്വര്‍ണം കൊയ്ത അനുമോള്‍ തമ്പി, അബിത മേരി മാനുവല്‍, ബിബിന്‍ ജോര്‍ജ്, പി എന്‍ അജിത്ത്, സി ബബിത, രുഗ്മ ഉദയന്‍ എന്നിവരും ഈ മീറ്റ് കേരളത്തിനു സമ്മാനിച്ച മുത്തുകളാണ്.
സര്‍ക്കാരുകളുടെ അവഗണന
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നേട്ടം കൊയ്യുന്ന താരങ്ങള്‍ക്കു സമ്മാനത്തുക നല്‍കാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. ദേശീയ മീറ്റിന്റെ കാര്യത്തിലും ഇതിനു മാറ്റമില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച കുട്ടികള്‍ മാറ്റുരയ്ക്കുന്ന ദേശീയ മീറ്റില്‍ തിളങിയിട്ടും സര്‍ക്കാരുകള്‍ അതു കണ്ടില്ലെന്നു നടിക്കുന്നത് ഖേദകരമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേശീയ മീറ്റുകളില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്കു പ്രഖ്യാപിച്ച സമ്മാനത്തുക നല്‍കിയിട്ടില്ല.
കോടികളുടെ വന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തിടുക്കം കൂട്ടുന്ന സര്‍ക്കാരുകള്‍ വളരെ തുച്ഛമായ തുകയാണ് താരങ്ങള്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുപോലും കൃത്യസമയത്ത് നല്‍കുന്നില്ല. അത്‌ലറ്റിക്‌സ് രംഗത്തെ ഭൂരിഭാഗം പേരും വളരെ പാവപ്പെട്ട ചുറ്റുപാടുകളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ മറ്റു വിധ സഹായങ്ങളൊന്നും നേരത്തെ തന്നെ നല്‍കുന്നില്ലെങ്കിലും ചുരുങ്ങിയത് അവര്‍ക്ക് അവകാശപ്പെട്ട സമ്മാനത്തുകയെങ്കിലും നല്‍കാന്‍ ശ്രമിക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it