കൈരാന ഹിന്ദു പലായനം: ബിജെപി എംപിയുടെ ആരോപണം തള്ളി ജില്ലാ ഭരണകൂടം

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാനയില്‍ ഭീഷണിമൂലം നൂറു കണക്കിന് ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്യുകയാണെന്ന ആരോപണം തള്ളി ജില്ലാ ഭരണകൂടം. ഒരു പ്രത്യേക സമുദായത്തിലെ ക്രിമിനലുകളുടെ ഭീഷണിയും പണാപഹരണവും മൂലം 346 ഹിന്ദു കുടുംബങ്ങള്‍ കൈരാന വിട്ടെന്ന് ബിജെപി എംപി ഹുകും സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിരുന്നു. സത്യം അന്വേഷിക്കാതെ ചില ദേശീയ മാധ്യമങ്ങളും തുടര്‍ച്ചയായി വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, പട്ടികയില്‍ ഇപ്പോഴും പ്രദേശത്ത് താമസിക്കുന്നവരും 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മരണപ്പെട്ടവരും മെച്ചപ്പെട്ട ജീവിതം തേടി നാട്‌വിട്ടു പോയവരും ഉണ്ടെന്ന് സംഭവം അന്വേഷിച്ച പ്രാദേശിക ഭരണകൂടം കണ്ടെത്തി. സംഭവം അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന നാല് വ്യത്യസ്ത സംഘങ്ങളെ നിയോഗിച്ചിരുന്നു.
ഞായറാഴ്ച ചില വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് അന്വേഷണസംഘം ആരോപത്തിലെ കള്ളത്തരം വെളിപ്പെടുത്തിയത്. എംപി പുറത്തുവിട്ട പട്ടികയില്‍ നാലുപേര്‍ 20 വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു. 13 പേര്‍ അവിടെ തന്നെയുണ്ട്. 68 പേര്‍ മെച്ചപ്പെട്ട ജീവിതം തേടി വര്‍ഷങ്ങള്‍ക്ക് മുമ്പു പ്രദേശം വിട്ടവരാണ്-ജില്ലാ പോലിസ് സൂപ്രണ്ട് വിജയ് ഭൂഷണ്‍ വ്യക്തമാക്കി.
പട്ടികയില്‍ വ്യക്തമാക്കിയ 10 കൊലപാതകക്കേസുകള്‍ മൂന്നെണ്ണം മാത്രമേ പണം തട്ടുന്നതുമായി ബന്ധപ്പെട്ടുള്ളൂ എന്നും ഇതുമായി ബന്ധപ്പെട്ട് 25 പേര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്നും ഭൂഷണ്‍ പറഞ്ഞു.ബിജെപി എംപി പുറത്തുവിട്ട പട്ടികയെ കുറിച്ച് അന്വേഷണം നടത്താന്‍ നേരത്തെ ഷാംലി ജില്ലാ മജിസ്‌ട്രേറ്റ് സുജീത്കുമാര്‍ ഉത്തരവിട്ടിരുന്നു.
കൈരാന എംപി കൂടിയായ ബിജെപി നേതാവ് ഹുകും സിങാണ് കഴിഞ്ഞ ദിവസം വ്യാജ ആരോപണം ഉന്നയിച്ചത്. ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ള ക്രിമിനലുകളുടെ ഭീഷണി മൂലമാണ് ഇവര്‍ പലായനം ചെയതതെന്ന് പറഞ്ഞ എംപി, സംസ്ഥാനത്ത് സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നതോടെയാണ് ഈ സ്ഥിതിവിശേഷം ആരംഭിച്ചതെന്നും ആരോപിച്ചിരുന്നു.
അലഹാബാദില്‍ നടക്കുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് സമ്മേളനത്തിനിടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കൈരാന വിവാദം പരാമര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it