Middlepiece

കൈരാന + മാട്ടിറച്ചി + ഹിന്ദു പലായനം = വോട്ട്

രാം പുനിയാനി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുസഫര്‍നഗറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും 80ഓളം മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ചെയ്തു. ആയിരക്കണക്കിനുപേര്‍ ഗ്രാമങ്ങള്‍ വിട്ട് ഓടിപ്പോയി. ഉത്തര്‍പ്രേദശില്‍ അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി തങ്ങളുടെ ദൗത്യം ഇപ്പോള്‍ വീണ്ടും നടത്താന്‍ ഒരുങ്ങുകയാണ്.
ഉത്തര്‍പ്രദേശിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കൈരാനയില്‍നിന്നു നൂറുകണക്കിന് ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നതായി ബിജെപി എംപി ഹുകും സിങ് അവകാശപ്പെട്ടിരുന്നു. അലഹബാദില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബിജെപി പ്രസിഡന്റ് അമിത് ഷായും ആരോപണം ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം തന്നെ സംസാരിച്ചു. മതസംഘര്‍ഷം ഉയര്‍ത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. തുടര്‍ന്ന് ഷാ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. കൈരാനയില്‍ നിന്നുള്ള പലായനം തടയാന്‍ സാധിക്കാത്ത സര്‍ക്കാരിനെ താഴെയിടണമെന്നു ജനങ്ങളോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജെപി നേതാക്കള്‍ കൈരാനയെ കശ്മീര്‍ പണ്ഡിറ്റുകളുടെ 'പലായന'വുമായി താരതമ്യം ചെയ്തു.
ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്തതായി കാണിക്കാന്‍ തെളിവായി ഹുകും സിങ് 346 പേരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് ഒരു പരാതി സമര്‍പ്പിക്കുകയും കമ്മീഷന്‍ ഉടന്‍ തന്നെ സംസ്ഥാനസര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.
യോഗം കഴിഞ്ഞ് ഒരുദിവസത്തിനുശേഷം സിങ് ആ പ്രസ്താവന നിഷേധിച്ചു. അദ്ദേഹം ഇപ്പോള്‍ പറയുന്നത്: ''അബദ്ധവശാല്‍ എന്റെ സംഘത്തിലെ ചിലര്‍ ഹിന്ദു കുടുംബങ്ങളെന്ന് പരാമര്‍ശിച്ചു. അതു മാറ്റാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ലെന്ന എന്റെ വാദത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുകയാണ്. ബലപ്രയോഗത്തിലൂടെ കൈരാന വിടാന്‍ നിര്‍ബന്ധിക്കപ്പെട്ട ചിലരുടെ പട്ടിക മാത്രമാണിത്'' എന്നാണ്.
രണ്ടു സുപ്രധാന ദേശീയ പത്രങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായെന്ന് ആരോപിക്കപ്പെടുന്നവരുടെ പട്ടിക പുറത്തുവിട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരും ഒരു അന്വേഷണം നടത്തി. അന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിച്ചത് ഇങ്ങനെയാണ്: പട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ മരിച്ചുപോയവരും 10 വര്‍ഷം മുമ്പ് സ്ഥലം വിട്ടവരുമുണ്ടായിരുന്നു. കുട്ടികളുടെ മെച്ചപ്പെട്ട സ്‌കൂള്‍വിദ്യാഭ്യാസത്തിനായും ജോലിക്കായും നാടുവിട്ടവരായിരുന്നു പലരും. ബിജെപി നേതാക്കള്‍ മുസ്‌ലിം സംഘങ്ങള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു എന്നാണ് ആരോപിച്ചത്. സംഘത്തലവന്‍മാരില്‍ ഒരാളായി ആരോപിച്ചത് കുറ്റവാളിയായ മുഖിം കാലയെയാണ്. കഴിഞ്ഞ വര്‍ഷം ഈ കുറ്റവാളി അറസ്റ്റിലാവുമ്പോള്‍ ഇയാള്‍ക്കെതിരേ 14 കൊലപാതകക്കുറ്റങ്ങളാണ് ഉണ്ടായിരുന്നത്. രസകരമായതെന്തെന്നാല്‍ ഇയാള്‍ കൊലപ്പെടുത്തിയവരില്‍ മൂന്നുപേര്‍ ഹിന്ദുക്കളും ബാക്കി വരുന്ന 11 എണ്ണം മുസ്‌ലിംകളുമായിരുന്നു എന്നതാണ്. സിങ് പുറത്തുവിട്ട 119 പേരുടെ പട്ടികയില്‍ പ്രാദേശിക ഭരണകൂടം സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം 66 പേര്‍ അഞ്ചുവര്‍ഷം മുമ്പ് നാടുവിട്ടവരാണ്.
ഇപ്പോള്‍ എന്തിനാണ് നമ്മള്‍ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്? ബിജെപി ഉത്തര്‍പ്രദേശിലെ മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു പ്രദേശത്തുനിന്നു പലായനം നടന്നെന്ന കള്ളക്കഥ കെട്ടിച്ചമച്ച് ഭിന്നിപ്പുണ്ടാക്കി മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഒപ്പം അതിനെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തോട് ഉപമിച്ച് രാജ്യത്തുടനീളം വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഭരണകക്ഷിയിലെ ഇതിനുത്തരവാദികളായ നേതാക്കള്‍ ഇതിനെ ശരിവയ്ക്കുന്ന രീതിയില്‍ പൊതുപ്രസ്താവനകള്‍ ഇറക്കി. ശരിയായ മാധ്യമറിപോര്‍ട്ടുകള്‍ പുറത്തുവന്ന അവസരത്തില്‍ അവര്‍ പിന്‍വാങ്ങുന്നു. വളരെ ദുര്‍ബലമായ ഒരു വിശദീകരണവുമായി സിങ് രംഗത്തുവരുന്നു.
എന്നാല്‍, രാജ്യത്തിന്റെ മറ്റു ഭാഗത്ത് മറ്റുചില വിഭാഗങ്ങള്‍ പലായനം ചെയ്തിരുന്നു. മുംബൈ, അഹ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ മുസ്‌ലിം ചേരിപ്രദേശങ്ങള്‍ കരുതിക്കൂട്ടി നിര്‍മിച്ചു. 1992-93ലെ മുംബൈ കലാപത്തിനുശേഷം ചേരിവല്‍ക്കരണ നടപടികള്‍ മുമ്പ്ര, ബെന്‍ഡി ബസാര്‍, ജോഗേശ്വരി എന്നിവിടങ്ങളില്‍ കരുതിക്കൂട്ടി ത്വരിതപ്പെടുത്തി. എല്ലാ മതക്കാര്‍ക്കും പ്രവേശനം ലഭിച്ചിരുന്ന മുംബൈയില്‍ വാടകയ്ക്കും അല്ലാതെയും ഫഌറ്റുകളും മറ്റും മുസ്‌ലിംകള്‍ക്കു നല്‍കാന്‍ ഉടമകള്‍ വിസമ്മതിച്ചു. അഹ്മദാബാദിലും സമാനരീതിയിലുള്ള വേര്‍തിരിവുകളുണ്ടായി. നഗരത്തില്‍ ജുഹാപുര പോലുള്ള ചേരികള്‍ വളര്‍ന്നുവരുന്നു. ഈ പ്രദേശങ്ങളെയെല്ലാം സമുദായത്തിന്റെ പേരിലും പൗരത്വത്തിന്റെ അടിസ്ഥാനത്തിലും 'ചെറിയ പാകിസ്താന്‍' എന്നു പരാമര്‍ശിച്ച് അപകീര്‍ത്തിപ്പെടുത്തി.
കൈരാനയിലെ അയല്‍പ്രദേശമായ മുസഫര്‍നഗറില്‍, 'ലൗ ജിഹാദ്' എന്ന പ്രശ്‌നവുമായി ബന്ധപ്പെടുത്തി രണ്ടു യുവാക്കളെ മുസ്‌ലിം വേഷധാരികളുടെ കൂട്ടം മര്‍ദ്ദിക്കുന്നതായുള്ള, ബിജെപി എംഎല്‍എ പുറത്തുവിട്ട വ്യാജ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് വലിയ കലാപമുണ്ടായി. അത് മുസ്‌ലിം കുടുംബങ്ങളുടെ പലായനത്തിലേക്കു നയിച്ചു. പാകിസ്താനിലുണ്ടായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളായിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തി. ഇതിനു പിന്നാലെ ബാഹു ബേട്ടി ബച്ചാവോ (മക്കളെയും മരുമക്കളെയും രക്ഷിക്കൂ) എന്ന കര്‍മപരിപാടിയുമായി മഹാപഞ്ചായത്ത് നടന്നു.
ഇതിന്റെ അനന്തരഫലം ഭയാനകമായ സംഘര്‍ഷമായിരുന്നു. അത് മുസ്‌ലിം കുടുംബങ്ങളെ തകര്‍ത്തു. ഓരോ ഗ്രാമങ്ങളും 'മുസ്‌ലിംരഹിത പ്രദേശ'ങ്ങളായി പരിവര്‍ത്തനപ്പെട്ടു. യുപിയില്‍ തന്നെ മാട്ടിറച്ചി വിവാദം മുഹമ്മദ് അഖ്‌ലാഖിന്റെ കൊലയില്‍ അവസാനിച്ചു. എട്ടുമാസത്തിനുശേഷം, അഖ്‌ലാഖിന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത മാംസം പശുവിന്റേതുതന്നെയെന്ന രണ്ടാമത്തെ ലബോറട്ടറി റിപോര്‍ട്ടുമായി മഹാപഞ്ചായത്തുകള്‍ വീണ്ടും സജീവമായി.
ടിവി ചാനലുകളും പത്രങ്ങളും അടിസ്ഥാനരഹിതവും മതത്തിന്റെ പേരില്‍ വിഷം കുത്തിവയ്ക്കുന്നതുമായ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ പങ്കാളികളാവുന്നു. യുഎസിലെ യേല്‍ സര്‍വകലാശാലയുടെ പഠനറിപോര്‍ട്ട് കാണിക്കുന്നത്, മതസംഘര്‍ഷത്തിനുശേഷം ബിജെപി വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുന്നെന്നാണ്. കൈരാനയില്‍ സംഘര്‍ഷം ആളിപ്പടര്‍ത്താനുള്ള കടുത്ത ശ്രമമായിരുന്നു നടന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹുകുംസിങും സംഘവും പിന്‍വലിയുമോ അതോ കൂടുതല്‍ ദുഷ്പ്രചാരണവുമായി മുമ്പോട്ടുപോവുമോ എന്നു കണ്ടറിയണം.

(പരിഭാഷ: ഷിനില മാത്തോട്ടത്തില്‍ )
Next Story

RELATED STORIES

Share it