thrissur local

കൈമടക്കായി കൗണ്‍സിലര്‍ അഞ്ച് സെന്റ് ഭൂമി ആവശ്യപ്പെട്ട സംഭവം; അന്വേഷണം നടത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം

തൃശൂര്‍: കൂര്‍ക്കഞ്ചേരി പാടത്ത് കാനയ്ക്ക് മുകളില്‍ സ്ലാബിടുന്നതിന് അനുമതിക്കായി മുന്‍കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജയപ്രകാശ് പൂവ്വത്തിങ്കല്‍ സ്ഥലം ഉടമയോട് അഞ്ച് സെന്റ് സ്ഥലം ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ ആരോപണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു അന്വേഷണത്തിന് തീരുമാനമെടുത്തത്. 81.05 സെന്റ് സ്ഥലത്തേക്ക് കോര്‍പറേഷന്‍ വക ചാലിന് കുറുകെ സ്ലാബിട്ട് വഴി നിര്‍മിക്കുന്നതിന് രുക്‌സാന ഉമ്മര്‍സാബു നല്‍കിയ അപേക്ഷയിലെ ചര്‍ച്ചയിലാണ് ആരോപണം. സ്ഥലം പാടമാണെന്നും ആയതു നികത്തുന്നതിനാണ് സ്ലാബിടല്‍ ആവശ്യമെന്നും അത് വെള്ളക്കെട്ടിന് കാരണമാക്കുമെന്നും കാണിച്ച് സ്ലാബിടുന്നത് അനുവദിക്കുന്നതിനെതിരെ സ്ഥലം കൗണ്‍സിലര്‍ ജയപ്രകാശ് പൂവ്വത്തിങ്കലും പരാതി നല്‍കിയിരുന്നു.
അനുമതി നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് രുക്‌സാന നല്‍കിയ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന് കോര്‍പറേഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതനുസരിച്ചാണ് ഫയല്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നത്.
സ്ഥലം പാടമാണെങ്കിലും അനുമതി നല്‍കാത്തത് ജയപ്രകാശ് ആവശ്യപ്പെട്ട അഞ്ച് സെന്റ് സ്ഥലം നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണെന്ന് ആരോപണമുണ്ടെന്ന് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അജിത വിജയന്‍ പറഞ്ഞതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ച് ബഹളംകൂട്ടി. ഫ്രാന്‍സിസ് ചാലിശ്ശേരി, ജോണ്‍ ഡാനിയേല്‍, എ പ്രസാദ്, ലാലി ജെയിംസ് എന്നിവര്‍ അജിതയെ ചോദ്യം ചെയ്തു.
ഫയലിലുള്ള പരാതിയനുസരിച്ചാണ് താന്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടി അജിത ഫയലിലെ പരാതി വായിച്ചതോടെ ഭരണപക്ഷം ഡെസ്‌കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. മാത്രമല്ല, താന്‍ ഇതേപ്പറ്റി ജയപ്രകാശിനോട് നേരിട്ട് അന്വേഷിച്ചപ്പോഴും, താന്‍ അഞ്ച് സെന്റ് സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ അതു നല്‍കാതിരുന്നതുകൊണ്ടാണ് സ്ലാബിടുന്നതിനെ എതിര്‍ത്തതെന്ന് പൂവ്വത്തിങ്കല്‍ പറഞ്ഞതായും അജിത വിജയന്‍ വിശദീകരിച്ചു. ഏത് ആരോപണം സംബന്ധിച്ചും അന്വേഷണത്തിന് എതിര്‍പ്പില്ലെന്നും അന്വേഷണം നടത്തണമെന്നും ജോണ്‍ ഡാനിയലും എ പ്രസാദും നിലപാടെടുത്തതോടെ അന്വേഷണത്തിന് യോഗം തീരുമാനിക്കുകയായിരുന്നു.

കില ജീവനക്കാര്‍ക്ക് മെഡിറ്റേഷന്‍
ക്യാംപ്
മുളംകുന്നത്തുകാവ്: കില ജീവനക്കാര്‍ക്കുള്ള മൂന്നുദിവസത്തെ മെഡിറ്റേഷന്‍ ക്യാംപ് കിലയില്‍ തുടങ്ങി. സഹജമാര്‍ഗ്ഗ് സ്പിരിച്ച്വാലിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ക്യാംപ്. ഫൗണ്ടേഷന്റെ കേരള സൗത്ത് സോണ്‍ ഇന്‍ ചാര്‍ജ് കെ യു മോഹന്‍, ഹാര്‍ട്ട്ഫുള്‍നസ് ഇന്‍സ്റ്റിറ്റിയൂട്ട് ട്രെയിനര്‍ പി പി നാരായണന്‍ നേതൃത്വം നല്‍കി. കില സെക്ഷന്‍ ഓഫിസര്‍ കെ ബാബു സ്വാഗതം പറഞ്ഞു. രാവിലെ ഒമ്പതു മുതല്‍ പത്തു വരെയാണ് ക്യാംപ്.
Next Story

RELATED STORIES

Share it