കൈക്കൂലി; ഷൊര്‍ണൂര്‍ നഗരസഭയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഷൊര്‍ണൂര്‍ നഗരസഭയിലെ അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. ഷൊര്‍ണൂര്‍ മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ജി മധുസൂദനന്‍ നായരാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊണ്ടി സഹിതം അറസ്റ്റിലായത്.
കൂനത്തറ ആറാണിയില്‍ രാജീവ് ട്രാവല്‍സ് ബസ് പാര്‍ക്കിങ് ഷെഡ് നിര്‍മാണത്തിന്റെ രേഖകള്‍ സഹിതം സ്ഥലം ഉടമ കെ പി പ്രസന്നയോട് ഓഫിസില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം രേഖകളുമായി സ്ഥലം ഉടമയുടെ മാനേജര്‍ എം വി ശ്രീകുമാര്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന്, സ്ഥലം സന്ദര്‍ശിക്കാന്‍ പോയ അസി. എന്‍ജിനീയര്‍ ഫയലില്‍ ഒപ്പുവയ്ക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു. 2000 രൂപ നല്‍കാന്‍ ശ്രമിച്ചെങ്കിലും 5000 രൂപ ആവശ്യപ്പെട്ട് തുക മടക്കി.
പിന്നീട് പാലക്കാട് വിജിലന്‍സ് ഡയറക്ടര്‍ മുമ്പാകെ പരാതി ബോധിപ്പിച്ചു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ ഫിലോഫ്തലിന്‍ പൗഡര്‍ പുരട്ടിയ 5000 രൂപ വാങ്ങുന്നതിനിടെയാണ് കൈയോടെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് അസി. എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം മുനിസിപ്പാലിറ്റിയുടെ ഓഡിറ്റോറിയം നിര്‍മിക്കുന്ന സ്ഥലത്തെത്തിയാണ് തുക കൈമാറിയത്. തൊട്ടു പിന്നാലെ വിജിലന്‍സ് സംഘം പണവുമായി മധുസൂദനന്‍ നായരെ അറസ്റ്റ് ചെയ്തു.
ഡിവൈഎസ്പി എം സുകുമാരന്‍, സിഐമാരായ എ വിപിന്‍ദാസ്, കെ വിജയകുമാര്‍, അസിസ്റ്റന്റ് എസ്‌ഐ ബി സുരേന്ദ്രന്‍, ജയപ്രകാശ്, എസ്ഇപിഒമാരായ എന്‍ രാജീവ് കുമാര്‍, പി ബി നാരായണന്‍, എ ശങ്കര്‍, നീരജ് കുമാര്‍, കെ പി രാജേഷ്, വിനോദ് എന്നിവരും ഗസറ്റഡ് ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് ജിയോളജിസ്റ്റ് എം വി വിനോദ്, ദേശീയപാത വിഭാഗം അസി. എന്‍ജിനീയര്‍ കെ എ ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it