കൈക്കൂലി നല്‍കിയില്ല ; ഗര്‍ഭിണികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല

കാസര്‍കോട്: കൈക്കൂലി നല്‍കാത്തതിന്റെ വിരോധത്തില്‍ ശസ്ത്രക്രിയ നടത്തിയ ഗര്‍ഭിണികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാതെ വാര്‍ഡിലേക്ക് മാറ്റിയ നടപടി വിവാദമാവുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം. പ്രസവ ചികില്‍സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് നിര്‍ധന യുവതികളെയാണ് ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കിടത്താതെ നേരിട്ട് വാര്‍ഡിലേക്ക് മാറ്റിയത്. ശസ്ത്രക്രിയക്ക് വിധേയരായവരെ 24 മണിക്കൂര്‍ നഴ്‌സുമാരുടെ പരിചരണത്തില്‍ നിര്‍ത്തണമെന്ന നിയമം കാറ്റില്‍പറത്തുകയായിരുന്നു. അണുബാധ ഏല്‍ക്കാതിരിക്കാനും ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് പൂര്‍ണ വിശ്രമം നല്‍കാനുമാണ് ഇങ്ങനെ ചെയ്തുവരുന്നത്.

എന്നാല്‍, പ്രസവ ചികില്‍സക്കെത്തിയ ഈ നാല് സ്ത്രീകളുടെയും ബന്ധുക്കളോട് സുഖപ്രസവം നടക്കണമെങ്കില്‍ ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിന് ബോധംകെടുത്തുന്ന ഡോക്ടറെ കാണണമെന്നും നിര്‍ദേശിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഡോക്ടര്‍ ശസ്ത്രക്രിയക്ക് സമയം നല്‍കി.

എന്നാല്‍, വേണ്ടപോലെ ബന്ധുക്കള്‍ ഡോക്ടറെ കാണാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കിടത്താതെ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൈക്കൂലി നല്‍കാത്തതിന്റെ പേരിലാണ് തങ്ങളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാത്തതെന്ന് രോഗികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it