Kollam Local

കൈകാലുകള്‍ നഷ്ടപ്പെട്ട നിതിന്‍ഷായ്ക്ക്  വിദ്യാര്‍ഥികളുടെ സ്‌നേഹ സാന്ത്വനം

പാരിപ്പള്ളി: വിദേശത്തെ ചികില്‍സാ പിഴവിനെ തുടര്‍ന്ന് കൈകാലുകള്‍ നഷ്ടപ്പെട്ട യുവാവിന് പൂതക്കുളം ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സ്‌നേഹത്തിന്റെ കൈത്താങ്ങ് നല്‍കി. പാരിപ്പള്ളി തെറ്റിക്കുഴി മുള്ളുകാട്ടില്‍ വീട്ടില്‍ നിതിന്‍ഷാ(23)യ്ക്കാണ് കൈകാലുകള്‍ വച്ച് പിടിപ്പിക്കാന്‍ സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ സഹായം നല്‍കിയത്. വോളിബാള്‍ കളിച്ച് പുരസ്‌കാരങ്ങള്‍ നേടിയ യുവാവ് അവയവങ്ങള്‍ നഷ്ടപ്പെട്ട് കാഴ്ചക്കാരനായി മാറി മരവിച്ച മനസും ശരീരവുമായി ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന വിവരം വാര്‍ത്തയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട സ്‌കൂളിലെ എന്‍സിസി വിദ്യാര്‍ഥികള്‍ മുന്‍കൈയെടുത്ത് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് 28,500രൂപ ശേഖരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജെ മുരളീധരന്‍പിള്ള, എന്‍സിസി ഓഫിസര്‍ ലഫ്റ്റനന്റ് അജിത്ത് എസ്എല്‍ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ വീട്ടിലെത്തി തുക കൈമാറിയത് നിറ കണ്ണുകളോടെയാണ് നിതിന്‍ഷാ സ്വീകരിച്ചത്. അധ്യാപകരായ സൂരജ്കുമാര്‍, അനില്‍, ജി അനില്‍കുമാര്‍, ആര്‍ അനില്‍കുമാര്‍ ,യൂത്ത് കോര്‍ഡിനേറ്റര്‍ ബി ബിജു, പിടിഎ പ്രസിഡന്റ് പുഷ്‌കിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായാണ് സഹായം നല്‍കിയത്. ദുബായില്‍ െ്രെഡവറായ പിതാവ് ശശിധരനൊപ്പം അതേ കമ്പനിയില്‍ ജോലിക്ക് പോയ നിതിന്‍ഷാ പനിക്ക് ചികില്‍സ തേടിയതിനെ തുടര്‍ന്നാണ് കൈകാലുകള്‍ പഴുത്ത്‌പൊട്ടി വ്രണമായി മാറിയത്. പിന്നീട് ഏറെ പണിപ്പെട്ടാണ് പിതാവ് മകനെ നാട്ടിലെത്തിച്ച് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് ഇരുകൈകാലുകളും മുറിച്ചു മാറ്റേണ്ടി വന്നത്. കൃത്രിമക്കാലുകള്‍ വച്ച് പിടിപ്പിക്കാന്‍ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് യാത്ര തിരിക്കുമെന്ന് പിതാവ് പറഞ്ഞു. ഒരു മാസത്തോളം ആശുപത്രിയില്‍ തങ്ങി നടത്തുന്ന ചികില്‍സയ്ക്ക് ലക്ഷങ്ങളാണ് ചിലവ്. കൈകള്‍ വച്ച് പിടിപ്പിക്കാനുള്ള ചെലവ് വേറെയും. അപേക്ഷ നല്‍കി മാസങ്ങളായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു രൂപപോലും സഹായം ലഭിച്ചില്ലെന്നത് കൂടാതെ വാര്‍ഡംഗമുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആരും തിരിഞ്ഞ് നോക്കാത്തതും മാനസികമായി തളര്‍ത്തിയതായി ശശിധരന്‍ പറഞ്ഞു. നിതിന്‍ഷായുടെ ഫോണ്‍: 9995039750.
Next Story

RELATED STORIES

Share it