malappuram local

കേസ് കൊടുത്തത് അപമര്യാദയായി സംസാരിച്ചതിനാല്‍: ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍

മലപ്പുറം: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിന്‍സെന്റിനെതിരേ കേസ് കൊടുത്തത് അപമര്യാദയായി സംസാരിച്ചതിനാലെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭ.
ഓഫിസിലെ ടൈപ്പിസ്റ്റ് കെ സതീഷ്, ക്ലര്‍ക്ക് സക്കീര്‍ ഹുസയ്ന്‍ എന്നിവര്‍ നിരന്തരം അകാരണമായി ജോലിക്ക് ഹാജരായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഇത് കണ്ടെത്തിയതിനാല്‍ തനിക്ക് ഇവരെ സംരക്ഷിക്കാനുമാകുമായിരുന്നില്ല. പലതവണ ആവര്‍ത്തിക്കരുതെന്ന് സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഉപദേശിച്ചിരുന്നു.
അപ്പോഴൊക്കെ യൂനിയന്‍ നേതാക്കളെ ഇടപെടുവിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ജീവനക്കാരുടെ പണിമുടക്കില്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം ഇപ്പോള്‍ വിളിക്കേണ്ടതുണ്ടോ എന്നു താന്‍ ചോദിച്ചിട്ടുണ്ട്. രണ്ടു വകുപ്പുതല അന്വേഷണങ്ങള്‍ ഈ സഹപ്രവര്‍ത്തകരുടെ പേരില്‍ നിലനില്‍ക്കുമ്പോള്‍ അപകടം ചെയ്യുമെന്നതിനാലാണ് സൗഹൃദ സംഭാഷണത്തില്‍ ഇക്കാര്യം പറഞ്ഞത്. ഇതു വലിയ ഇഷ്യു ആക്കി ജോയിന്റ് കൗണ്‍സില്‍ നേതാവിനെ ഓഫിസിലെത്തിക്കുകയായിരുന്നു.
ഇയാള്‍ തന്നോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കാന്‍ നിര്‍ബന്ധിതയായത്. പരാതിയെ തുടര്‍ന്ന് ലോക്കല്‍ കംപ്ലയിന്റ് കമ്മിറ്റിയാണ് നടപടിയെടുപ്പിച്ചത്. എച്ച് വിന്‍സെന്റിനെതിരെ കേസെടുത്തത് ഇതിന്റെ ഭാഗമാണ്.
ടൈപ്പിസ്റ്റിനെ പെരിന്തല്‍മണ്ണ ആര്‍ഡിഒ ഓഫിസിലേക്കും ക്ലര്‍ക്കിനെ ഏറനാട് താലൂക്ക് ഓഫിസിലേക്കും സ്ഥലം മാറ്റുകയും ചെയ്തു. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇവര്‍ നിരന്തരം ഒപ്പിട്ട് മുങ്ങുകയും ലീവെടുക്കുകയും ചെയ്യുന്നതിനാല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നുവെന്നും വി പി സുലഭ പറഞ്ഞു.
താന്‍ കെജിഒഎ അംഗമാണെങ്കിലും പണിമുടക്ക് സമരത്തില്‍ താല്‍പര്യമില്ല. എന്നാല്‍ സംഘടനയുടെ മറ്റെല്ലാ പരിപാടികളിലും സഹകരിക്കാറുണ്ടെന്നും സുലഭ പറഞ്ഞു.
Next Story

RELATED STORIES

Share it