കേസൊതുക്കാന്‍ കൈക്കൂലി; മൂന്ന് എക്‌സൈസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കുമളി: തമിഴ്‌നാട്ടില്‍ നിന്നു മദ്യം കൊണ്ടുവന്ന സംഭവത്തില്‍ കേസൊതുക്കാന്‍ വിനോദ സഞ്ചാരികളില്‍ നിന്നു കൈക്കൂലി വാങ്ങിയ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കുമളി അതിര്‍ത്തി ചെക്‌പോസ്റ്റിലെ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ലിജോ ഉമ്മന്‍, സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ബിജു ജേക്കബ്, പി എസ് സുമോദ് എന്നിവരെയാണ് എക്‌സൈസ് ഇടുക്കി ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കുമളി മുരിക്കടിയിലുള്ള സ്വകാര്യ റിസോര്‍ട്ടിലേക്ക് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തില്‍ നിന്നും അതിര്‍ത്തി ചെക് പോസ്റ്റിലെ പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മുന്തിയ ഇനം രണ്ട് ലിറ്റര്‍ മദ്യം കണ്ടെടുത്തിരുന്നു. ഇതോടെ വാഹനത്തില്‍ ഉണ്ടായിരുന്നവരെ ഓഫിസിനുള്ളിലേക്ക് ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കള്ളക്കടത്തായി മദ്യം കൊണ്ടുവന്നതിന്റെ പേരില്‍ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ വിനോദ സഞ്ചാരികളെ അറിയിച്ചു.
സ്വന്തം ഉപയോഗത്തിനാണ് മദ്യം കൊണ്ടുവന്നതെന്നും ഇതിന്റെ പേരില്‍ ഉപദ്രവിക്കരുതെന്നും വിനോദ സഞ്ചാരികള്‍ ആവശ്യപ്പെട്ടെങ്കിലും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരം രൂപ നല്‍കുകയാണെങ്കില്‍ കേസെടുക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ വിനോദ സഞ്ചാരികള്‍ പണം നല്‍കി. പണത്തോടൊപ്പം ഇവര്‍ കൊണ്ടുവന്ന മദ്യവും വാങ്ങി വച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടയച്ചത്. മുരിക്കടിയിലെ റിസോര്‍ട്ടില്‍ എത്തിയ ശേഷം ഇവര്‍ എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉ—ദ്യോഗസ്ഥര്‍ റിസോര്‍ട്ടിലെത്തി തമിഴ്‌നാട് സ്വദേശികള്‍ക്ക് പണം തിരികെ നല്‍കിയെങ്കിലും മദ്യം നല്‍കിയില്ലെന്നാണ് പറയപ്പെടുന്നത്. വിവാദമായതോടെ സംഭവം അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂവരെയും സസ്‌പെന്‍ഡ് ചെയ്തത്.
Next Story

RELATED STORIES

Share it