കേസന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; പോലിസിനോട് നയം വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: പോലിസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസ് ആസ്ഥാനത്തു വിളിച്ച ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോടുള്ള പെരുമാറ്റരീതിയില്‍ നല്ലസമീപനം സ്വീകരിക്കണം. സ്‌റ്റേഷനിലെത്തുന്ന പരാതിക്കാരോട് മാന്യമായി പെരുമാറുന്നതിനൊപ്പം അവരുടെ പരാതികള്‍ കേള്‍ക്കാനും തയ്യാറാവണം. ഇക്കാര്യത്തില്‍ വിജയിച്ചാല്‍ പകുതി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സേനയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല. താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ നേരിട്ട് ഉറപ്പുവരുത്തണം. രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കണം. പോലിസ് ഉന്നതങ്ങളിലും താഴെത്തട്ടിലും പരസ്യ വിഴുപ്പലക്കലുകള്‍ പാടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കണമെന്നു പറഞ്ഞ മുഖ്യമന്ത്രി സേനയുടെ ഗുണപരമായ മാറ്റത്തിനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു.
രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ദലിതര്‍ക്കും വയോജനങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍മപദ്ധതി തയ്യാറാക്കണം. അടുത്ത ഒരുവര്‍ഷത്തിനകം ക്രമസമാധാനത്തില്‍ കേരളം മാതൃകയാവണം. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ അടിമുടി ഉടച്ചുവാര്‍ക്കലുണ്ടാവും. പോലിസുകാരുടെ സര്‍വീസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഇതിനായി പ്രത്യേക സംവിധാനം കൊണ്ടുവരണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it