കേസന്വേഷണം ഏറ്റെടുക്കുന്നതിനു തടസ്സവാദം ഉന്നയിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: തടസ്സവാദങ്ങള്‍ ഉന്നയിച്ച് കേസന്വേഷണം ഏറ്റെടുക്കുന്നതില്‍ നിന്ന് സി.ബി.ഐക്ക് വിട്ടുനില്‍ക്കാനാവില്ലെന്നു ഹൈക്കോടതി. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന കാരണത്താല്‍ കേസന്വേഷണം ഏറ്റെടുക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ വ്യക്തമാക്കി. കണ്ണൂര്‍ തലശ്ശേരിയില്‍ സവിത ജ്വല്ലറി ഉടമ ദിനേശന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന ഹരജിയിലാണു കോടതി നി ര്‍ദേശം.

നിലവില്‍ നിരവധി കേസുകള്‍ സി.ബി.ഐയുടെ അന്വേഷണപരിധിയിലുണ്ടെന്നും ആവശ്യത്തിനു ജീവനക്കാരും ഉദ്യോഗസ്ഥരുമില്ലാത്തതിനാല്‍ കൂടുതല്‍ കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് ബുദ്ധിമുട്ടാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഉത്തരവാദപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതില്‍ നിന്ന് സി.ബി.ഐ. ഒഴിവാകരുതെന്നും ജ്വല്ലറി ഉടമയുടെ മരണം സി. ബി.ഐ. അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിട്ടു.

2014 ഡിസംബര്‍ 23നു തലശ്ശേരിയിലെ പ്രധാന റോഡിന് സമീപത്തുള്ള ജ്വല്ലറിയില്‍ ഉടമ മരണപ്പെട്ടതു ഗൗരവപൂര്‍വമായി അന്വേഷിക്കേണ്ട സംഭവമാണ്. എന്നാല്‍ നിലവില്‍ കേസന്വേഷിക്കുന്ന കോഴിക്കോട് സി. ബി. സി.ഐ.ഡി. ഡിറ്റക്ടീവ് ഇ ന്‍സ്‌പെക്ടര്‍ ലോക്കല്‍ പോലിസ് അന്വേഷിച്ചതില്‍ നിന്നു കൂടുതലായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്നു ചൂണ്ടിക്കാട്ടി മരണപ്പെട്ട ദിനേശന്റെ ബാല്യകാല സുഹൃത്തും അയല്‍വാസിയുമായ ഗോവിന്ദ് രാജാണ് കോടതിയെ സമീപിച്ചത്. 2010ല്‍ കുടുംബ വകയായുള്ള കടമുറി വില്‍പ്പന നടത്തിയ വകയില്‍ 90 ലക്ഷം രൂപ മരിച്ച ദിനേശനു ലഭിച്ചിരുന്നു. മരണപ്പെടുന്ന സമയത്ത് മറ്റു ബാധ്യതകളെല്ലാം തീര്‍ത്ത് 14 ലക്ഷം രൂപ കൈവശമുണ്ടായിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണു ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. കേരളത്തിനു പുറത്തുള്ള നിരവധിപേര്‍ സംഭവം നടന്ന ജ്വല്ലറിക്കു പരിസരത്ത് താമസിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ടില്‍ നിന്നു വ്യക്തമാണ്. ഇതുസംബന്ധിച്ച് ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it