Districts

കേരള ഹൗസ് റെയ്ഡ്'; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു

തിരുവനന്തപുരം: കേരള ഹൗസില്‍ ഡല്‍ഹി പോലിസ് നടത്തിയ റെയ്ഡിനെതിരേ അടിയന്തര നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. റെയ്ഡ് നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടും സ്വേച്ഛാധിപത്യപരവുമാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി പോലിസിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാനാണു സംസ്ഥാനത്തിനു നിയമോപദേശം കിട്ടിയിരിക്കുന്നത്.
നിരോധിച്ചിട്ടുള്ള കന്നുകാലികളുടെ ഇറച്ചി വില്‍ക്കുന്ന സ്ഥലത്ത് പ്രവേശിക്കാനും പരിശോധന നടത്തി പിടിച്ചെടുക്കാനുമുള്ള നടപടിക്രമങ്ങള്‍ 1994ലെ ഡല്‍ഹി കാര്‍ഷിക കന്നുകാലി സംരക്ഷണ നിയമത്തിന്റെ 11ാം വകുപ്പ് വിശദമാക്കുന്നുണ്ട്. നിരോധിക്കപ്പെട്ട മാംസത്തിന്റെ വിപണനം നടക്കുന്നുവെന്ന് ഉത്തമബോധ്യം വന്നാല്‍ വകുപ്പ് 11(1) പ്രകാരം മൃഗസംരക്ഷണ ഓഫിസര്‍ക്കോ ചുമതലപ്പെടുത്തിയ മറ്റ് ഉദേ്യാഗസ്ഥര്‍ക്കോ മാത്രമേ പരിശോധിക്കാന്‍ അധികാരമുള്ളൂ. അതും ഈ അധികാരം ഉപയോഗിക്കാമെന്നുള്ള നോട്ടീസിന്റെ അടിസ്ഥാനത്തില്‍ മാത്രം. വകുപ്പ് 11(4) പ്രകാരം, കാര്‍ഷികവൃത്തിക്കുപയോഗിക്കുന്ന കാലികളെ കയറ്റുമതിചെയ്യുന്നതോ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതോ ആയ വാഹനം തടയാനും പരിശോധിക്കാനുമാണ് പോലിസിന് അധികാരമുള്ളത്. വില്‍പ്പനയ്ക്കും വാങ്ങലിനും ഇറച്ചിക്കായും കന്നുകാലികളെ കടത്തുന്നത് തടയുന്നതിനാണ് ഈ അധികാരം ഉപയോഗിക്കുന്നത്. വാഹനങ്ങള്‍ പരിശോധിക്കുന്നതിനു മാത്രമാണ് പോലിസിന് അധികാരമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഡല്‍ഹി പോലിസിന്റെ ധിക്കാരപൂര്‍വമായ നടപടി ഡല്‍ഹി കാര്‍ഷിക കന്നുകാലി സംരക്ഷണ നിയമത്തിനു വിരുദ്ധമാണ്. അവര്‍ക്കു നടപടി സ്വീകരിക്കാവുന്ന യാതൊന്നും അവിടെനിന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. മാത്രമല്ല, അവരുടേത് ഐപിസി 186, 353 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമം അനുസരിച്ച് പശു, പശുക്കിടാങ്ങള്‍, കാളകള്‍, വണ്ടിക്കാളകള്‍ എന്നിവയെയാണു കാര്‍ഷിക കന്നുകാലികളുടെ വിഭാഗത്തില്‍പ്പെടുത്തി ഇറച്ചിവെട്ട് നിരോധിച്ചിരിക്കുന്നത്. എന്നാല്‍, കേരള ഹൗസില്‍ പോത്തിറച്ചിയാണ് വിളമ്പിയത്. ഇത് നിരോധിച്ചവയുടെ പട്ടികയിലില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it