കേരള ഹൗസ് റെയ്ഡ് ; നടപടി നിയമവിരുദ്ധമെന്ന് മൃഗ സംരക്ഷണ വകുപ്പ്

ന്യൂഡല്‍ഹി: കേരള ഹൗസ് കാന്റീനില്‍ കയറി ഡല്‍ഹി പോലിസ് റെയ്ഡ് നടത്തിയതു നിയമവിരുദ്ധമാണെന്നു ഡല്‍ഹി മൃഗസംരക്ഷണ വകുപ്പിന്റെ റിപോര്‍ട്ട്. മൃഗസംരക്ഷണ വകുപ്പിനാണു പരിശോധന നടത്താനുള്ള അധികാരമെന്ന് റിപോര്‍ട്ടില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. വകുപ്പ് ഡയറക്ടര്‍ ഡോ. രാജീവ് ഗോസഌയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
1994ലെ ഡല്‍ഹി കന്നുകാലി സംരക്ഷണ നിയമത്തിന്റെ എഴ്, എട്ട്, ഒമ്പത്, 11 ചട്ടങ്ങള്‍ അനുസരിച്ച് പരിശോധന നടത്താനുള്ള അധികാരം മൃഗസംരക്ഷണ വകുപ്പിനാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. നിയമത്തിലെ 11(3) വകുപ്പുപ്രകാരം ഡല്‍ഹി പോലിസിലെ എസ്‌ഐക്ക് മുകളിലുള്ള റാങ്കിലുള്ളവര്‍ക്ക് അനധികൃത കന്നുകാലി കടത്ത് നടത്തുന്ന വാഹനങ്ങളെ പരിശോധിക്കാനുള്ള അധികാരം മാത്രമാണുള്ളത്. അതേസമയം, പശുവിറച്ചി വിളമ്പുന്നതായി പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കാനുള്ള അധികാരം നിയമപരമായി പോലിസിനില്ല. പരാതി ലഭിച്ചാല്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറെ അറിയിക്കണമെന്ന വ്യവസ്ഥയും പോലിസ് ലംഘിച്ചു. ക്രമസമാധാനപാലനത്തിനാണു കേരള ഹൗസ് വളപ്പില്‍ പ്രവേശിച്ചതെന്ന പോലിസ് വാദവും റിപോര്‍ട്ട് തള്ളിക്കളയുന്നു. ബീഫ് വിളമ്പുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെയാണു ഡല്‍ഹി പോലിസ് കേരള ഹൗസില്‍ പ്രവേശിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേരള ഹൗസ് കാന്റീനില്‍ ആദ്യം പരിശോധനയ്‌ക്കെത്തിയ പോലിസ് സംഘത്തിന് ബീഫ് വിളമ്പുന്നില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ 15 മിനിറ്റിനു ശേഷം വീണ്ടും വന്‍ പോലിസ് സംഘമെത്തി പരിശോധന നടത്തിയത് ധാര്‍മികമായും നിയമപരമായും തെറ്റാണ്. സമഗ്രമായ പരിശോധന നടത്തുകയായിരുന്നു രണ്ടാമത്തെ പരിശോധനയുടെ ലക്ഷ്യമെങ്കില്‍ അപ്പോഴെങ്കിലും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായിരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.
1994ലെ മൃഗസംരക്ഷണ നിയമത്തെക്കുറിച്ച് ഡല്‍ഹി പോലിസിനെയും ജനങ്ങളെയും ബോധവല്‍കരിക്കുക, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പരസ്യപ്പെടുത്തുക തുടങ്ങിയ ശുപാര്‍ശകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമായും റിപോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.
സംസ്ഥാന ഭവനുകളിലും ഹോട്ടലുകളിലും പരിശോധന നടത്തുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് രാജീവ് ഗോസഌയുടെ റിപോര്‍ട്ട് അവസാനിപ്പിക്കുന്നത്. ഡല്‍ഹി പോലിസിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കുന്നതാണു പുതിയ റിപോര്‍ട്ട്.
Next Story

RELATED STORIES

Share it