India

കേരള ഹൗസിലെ റെയ്ഡ് ; ഡല്‍ഹി പോലിസിനു കേന്ദ്രസര്‍ക്കാരിന്റെ ശുദ്ധിപത്രം

ന്യൂഡല്‍ഹി: കേരള ഹൗസിലെ സ്റ്റാഫ് കാന്റീനില്‍ പശുവിറച്ചി വിളമ്പിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ അതിക്രമിച്ചുകയറി പരിശോധന നടത്തിയ ഡല്‍ഹി പോലിസിനു കേന്ദ്രസര്‍ക്കാരിന്റെ ശുദ്ധിപത്രം.
കാന്റീനില്‍ ഡല്‍ഹി പോലിസ് പരിശോധന നടത്തിയിട്ടില്ലെന്ന് സംഭവം അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം റിപോര്‍ട്ട് നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയെ അറിയിച്ചു. ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ വിവരം ശേഖരിക്കാനായാണ് പോലിസ് ഉദ്യോഗസ്ഥര്‍ കേരളാഹൗസിലെത്തിയത്. ക്രമസമാധാനപ്രശ്‌നം ഉണ്ടാകാതിരിക്കാനായി മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് പോലിസ് കേരളാഹൗസില്‍ പ്രവേശിച്ചത്. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. പോലിസിനു മറ്റു ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളായ കെ വി തോമസ്, കെ സി വേണുഗോപാല്‍, പി കെ ബിജു, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സുഗത റോയി, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ അസദുദ്ദീന്‍ ഉവൈസി എന്നിവരുടെ ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. വേണ്ടത്ര നടപടിക്രമങ്ങള്‍ പാലിക്കാതെ ഡല്‍ഹി പോലിസ് കേരള ഹൗസില്‍ പരിശോധന നടത്തിയോ, ഇതു സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നോ, ഉണ്ടെങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് എന്താണ്, ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരില്‍ നിന്നു പരാതി ലഭിച്ചിരുന്നോ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചത് തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.
Next Story

RELATED STORIES

Share it