കേരള സര്‍വകലാശാലയുടെ വജ്രജൂബിലി ഓര്‍മയ്ക്കായി നീരാളിക്കു പേരിട്ടു

കേരള സര്‍വകലാശാലയുടെ വജ്രജൂബിലി ഓര്‍മയ്ക്കായി നീരാളിക്കു പേരിട്ടു
X
തിരുവനന്തപുരം: കേരളതീരത്ത് പുതുതായി കണ്ടെത്തിയ നീരാളിക്ക് കേരള സര്‍വകലാശാലയുടെ വജ്രജൂബിലിയുടെ സ്മരണ നിലനിര്‍ത്തുന്ന പേരിട്ടു. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി & ഫിഷറീസ് വിഭാഗത്തിലെ വകുപ്പ് മേധാവി ഡോ. ബിജുകുമാര്‍, ഡോ. ശ്രീജ, ആസ്‌ട്രേലിയയിലെ വിക്ടോറിയ മ്യൂസിയത്തിലെ ഡോ. മാര്‍ക്ക് നോര്‍മാന്‍ എന്നിവരാണ് സിസ്‌റ്റോപ്പസ് ജനുസ്സില്‍പ്പെട്ട പുതിയ നീരാളിയെ കണ്ടെത്തിയത്. സിസ്‌റ്റോപ്പസ് പ്ലാറ്റിനോട്ടസ് എന്നാണ് ഇതിനു നാമകരണം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ നീരാളികളുടെ കൂട്ടത്തില്‍ താരതമ്യേന വലുപ്പം കൂടിയവയാണ് സഞ്ചിനീരാളി എന്നറിയപ്പെടുന്ന സിസ്‌റ്റോപ്പസ് ജനുസ്സ്. ഇവയുടെ വായുടെ ചുറ്റുമുള്ള കൈകളുടെ അടിഭാഗത്തു കാണുന്ന എട്ട് ശ്ലേഷ്മ സഞ്ചികളാണ് ഇവയെ മറ്റു നീരാളികളില്‍നിന്നു വ്യത്യസ്തമാക്കുന്നത്. കേരളതീരത്തുതന്നെ ഇത്തരത്തിലുള്ള 25ല്‍പ്പരം നീരാളികള്‍ ഉള്ളതായി കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.neerali

കൂടാതെ കേരളതീരത്തുനിന്ന് പുതിയ ആറിനം നീരാളികളെ കണ്ടെത്തിയിട്ടുണ്ട്. വാണിജ്യപ്രാധാന്യമുള്ള കടല്‍ വിഭവങ്ങളുടെ പരിപാലനം ഉറപ്പുവരുത്താനും സമുദ്ര ജൈവവൈവിധ്യങ്ങള്‍ കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനും വിദഗ്ധരുടെ സഹായം ലഭ്യമാക്കാന്‍ കേരള സര്‍വകലാശാല അധികൃതര്‍ ശ്രമിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ വര്‍ധിച്ച ആവശ്യകത കാരണം നീരാളികളുടെ കയറ്റുമതി ഇന്ത്യയില്‍നിന്നു വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ നീരാളികളുടെ വിവിധ ജനുസ്സുകളെപ്പറ്റി വിശദമായ പഠനം നടന്നിട്ടില്ല. അടുത്തകാലം വരെ ഒറ്റ ജൈവജാതിയില്‍പ്പെട്ട സിസ്‌റ്റോപ്പസ് (സിസ്‌റ്റോപ്പസ് ഇന്‍ഡിക്കസ്) എന്ന നീരാളി മാത്രമാണ് ലോകസമുദ്രങ്ങളില്‍ കാണപ്പെടുന്നതെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും തായ്‌വാനിലും ചൈനയിലും പുതിയ ഇനങ്ങളെ കണ്ടെത്തിയതോടെ ഈ ധാരണ അപ്രസക്തമാവുകയാണ്.
Next Story

RELATED STORIES

Share it