കേരള സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ഓണ്‍ലൈനിലാക്കും

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ഓണ്‍ലൈനായി നല്‍കാന്‍ കേരള സര്‍വകലാശാല നടപടി തുടങ്ങി. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഓണ്‍ലൈനായി ചോദ്യ പേപ്പര്‍ എത്തിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് വൈസ്ചാന്‍സലര്‍ ഡോ. പി കെ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിഷിലെ പരീക്ഷകള്‍ക്ക് ഇപ്പോള്‍ത്തന്നെ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
വിദ്യാര്‍ഥികളുടെ എണ്ണം കുറവായ പരീക്ഷകള്‍ക്ക് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാനാണ് ശ്രമം. അധ്യാപകര്‍ക്ക് യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും നല്‍കി ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. മൂല്യനിര്‍ണയം ഓണ്‍ലൈന്‍വഴി ആക്കുന്നതും സര്‍വകലാശാലയുടെ പരിഗണനയിലാണ്. നിരവധി സ്വകാര്യ ഏജന്‍സികള്‍ ഇതിനുള്ള സാങ്കേതികവിദ്യ നല്‍കാന്‍ സന്നദ്ധരായി സര്‍വകലാശാലയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, സര്‍വകലാശാല തന്നെ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച് പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഏതെങ്കിലും പിജി കോഴ്‌സിന്റെ മൂല്യനിര്‍ണയം ഇത്തരത്തില്‍ നടത്തുമെന്നും വിസിയും പ്രൊ വിസി ഡോ. വീരമണികണ്ഠനും അറിയിച്ചു.
സാങ്കേതിക സര്‍വകലാശാലയ്ക്ക് കേരള സര്‍വകലാശാലയുടെ ഭൂമി ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കി. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിന്‍ഡിക്കേറ്റാണ്. സര്‍വകലാശാലയുടെ പക്കല്‍ അധികഭൂമി ഇനിയില്ല. സര്‍വകലാശാലയുടെ ഭാവിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ആവശ്യമാണ്. നിലവിലുള്ള ഭൂമി നല്‍കിയാല്‍ കേരള സര്‍വകലാശാലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ വേറെ ഭൂമി കണ്ടെത്തേണ്ടിവരുമെന്നും വിസി പറഞ്ഞു. സര്‍വകലാശാലയില്‍ ഇ-ഗവേണന്‍സ് നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായി. ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ വിദേശ സര്‍വകലാശാലകളില്‍ സാധ്യമാക്കുന്നതരത്തില്‍ ഒമ്പത് യൂറോപ്യന്‍ സര്‍വകലാശാലകളുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും വൈസ്ചാന്‍സലര്‍ പറഞ്ഞു. ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് ട്രോഫി ഇന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തില്‍ നിന്ന് കേരള സര്‍വകലാശാല ഏറ്റുവാങ്ങും. അഞ്ചുകോടി രൂപയാണ് പുരസ്‌കാരം.
Next Story

RELATED STORIES

Share it