കേരള സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാന്‍ ശ്രമം: ലത്തീന്‍ സഭ

കൊച്ചി: കേരള സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നത് ആശങ്കാജനകമാണെന്നു കൊച്ചിയില്‍ നടന്ന കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലി പാസാക്കിയ രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹത്തില്‍ ജാതി ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ജാതിവ്യവസ്ഥ നിര്‍മിച്ച ഉച്ചനീചത്വങ്ങള്‍ക്ക് എതിരെയാണു കേരളത്തില്‍ സാമൂഹിക നവോഥാനം സാധ്യമായത്.
കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ജാതീയമായി ജനങ്ങളെ വിഭജിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും സമൂഹത്തെ ഭയാനകമായ പഴയകാലത്തേക്കു തിരിച്ചുകൊണ്ടുപോവും. ഇതിനെതിരേ ശക്തമായ ജാഗ്രത ആവശ്യമാണെന്നും ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. ജാതി സംവരണം ദേശീയതലത്തിലും സംസ്ഥാനതലത്തിലും തുടരണമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സമുദായങ്ങള്‍ക്കു ലഭിക്കണമെന്നും ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. രാഷ്ട്രീയനീതിക്കുവേണ്ടി ലത്തീന്‍ സമുദായം സജീവമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലകൊള്ളും. ഭൂരിപക്ഷ ന്യൂനപക്ഷ രാഷ്ട്രീയത്തിനതീതമായി ജനകീയ വിഷയങ്ങളിലുള്ള നിലപാടുകളാണു സംസ്ഥാനത്തിന് അനിവാര്യം. ലത്തീന്‍ സമുദായത്തെ അവഗണിച്ചുകൊണ്ട് മുന്നണികള്‍ക്കു മുന്നോട്ടു പോവാന്‍ കഴിയില്ല. വരാന്‍പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളോടും ലത്തീന്‍ സമുദായം പ്രശ്‌നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരസിദ്ധാന്തം തുടരാനും ജനറല്‍ അസംബ്ലി തീരുമാനിച്ചു.
കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാന്‍ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ തയ്യാറാവണമെന്നും ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.
മതേതരത്വമാണ് ലത്തീന്‍ സമുദായത്തിന്റെ അടിസ്ഥാന മൂല്യമെന്നും അതേസമയം തന്നെ സമുദായത്തിന്റെ അവകാശങ്ങള്‍ക്കും അവശതകള്‍ പരിഹരിച്ച് കിട്ടുന്നതിനും വേണ്ടി ഒന്നിച്ചു ശക്തിയോടെ മുന്നോട്ടുപോവുമെന്നും കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. സൂസെപാക്യം സമാപന സമ്മേളനത്തില്‍ പറഞ്ഞു. ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it