കേരള സന്ദര്‍ശനം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചിയില്‍ ഹൃദ്യമായ വരവേല്‍പ്

കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചിയില്‍ ഹൃദ്യമായ വരവേല്‍പ്. വായുസേനയുടെ രാജകമല്‍ വിമാനത്തില്‍ വൈകുന്നേരം 4.10ന് കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ പി മോഹനന്‍, മേയര്‍ സൗമിനി ജയിന്‍, പ്രഫ. കെ വി തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ജിജി തോംസന്‍, വൈസ് അഡ്മിറല്‍ സുനില്‍ ലംബ, ഡിജിപി സെന്‍കുമാര്‍, ജിഎഡി സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, സ്‌റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍ ടി പി വിജയകുമാര്‍, കൊച്ചി സിറ്റി പോലിസ് ചീഫ് എം പി ദിനേശ്, ബി ജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ എന്നിവര്‍ ടാര്‍ മാര്‍ക്കിലെത്തി സ്വീകരിച്ചു.
ഹ്രസ്വമായ സ്വീകരണത്തിനു ശേഷം നേരെ പന്തലില്‍ എത്തിയ പ്രധാനമന്ത്രി അവിടെ എത്തിയിരുന്ന പ്രധാന വ്യക്തികളേയും പരിചയപ്പെട്ടു. മന്ത്രി കെ ബാബു, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ്ചാന്‍സലര്‍ എം സി ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാക്ട് സിഎംഡി. ജയ്‌വീര്‍ ശ്രീവാസ്തവ, സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്രം ചെയര്‍പേഴ്‌സന്‍ ലീന നായര്‍, ഇന്ത്യന്‍ പെപ്പര്‍ ആന്റ് സ്‌പൈസസ് ട്രേഡേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കിഷോര്‍ ഷാംജി കുറുവ, മാര്‍ക്കറ്റ്‌ഫെഡ് എംഡി പി മൈക്കിള്‍ വേദശിരോമണി, ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് കെ ബി രാജന്‍, കയര്‍ബോര്‍ഡ് ചെയര്‍മാന്റെ സെക്രട്ടറി ടി സി മണികണ്ഠന്‍ പിള്ള എന്നിവര്‍ പന്തലില്‍ അദ്ദേഹത്തെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു.
സ്വീകരണ ചടങ്ങിനു ശേഷം 4.20ന് പ്രധാനമന്ത്രിയും സംഘവും മൂന്നു ഹെലികോപ്ടറുകളിലായി തൃശൂരിലേക്കു പോയി. ചീഫ് സെക്രട്ടറിയുടെ പ്രതിനിധിയായി ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യവും സംഘത്തിലുണ്ട്. ഇന്ന് നടക്കുന്ന സേനാ മേധാവികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വായുസേനയുടെ മറ്റൊരു വിമാനത്തില്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it