kozhikode local

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; വിവാദ പരിപാടിയില്‍ നിന്ന് സംഘടാകര്‍ പിന്‍മാറി

കോഴിക്കോട്: സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിവാദ പരിപാടിയില്‍ നിന്നും സംഘാടകര്‍ പിന്മാറി. മതം, ആത്മീയത, തത്വചിന്ത എന്ന തലക്കെട്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംവാദമാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചത്. ഈ സെഷനില്‍ പ്രഭാഷകരായി നിശ്ചയിച്ചിരുന്ന ഹമീദ് ചേന്ദമംഗലൂര്‍, എം എന്‍ കാരശ്ശേരി, ഡോ. ഖദീജ മുംതാസ് എന്നിവരെയും പരിപാടിയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മോഡറേറ്ററായി നിശ്ചയിച്ചിരുന്ന ഡോ. രാജശേഖരനെയും ഒഴിവാക്കിയിട്ടുണ്ട്. പകരം മതം, ആത്മീയത, സാഹിത്യം എന്ന പേരില്‍ പരിപാടി നടത്താനാണ് സംഘാടകരുടെ തീരുമാനം. വി കെ ശ്രീരാമന്‍, സിസ്റ്റര്‍ ജെസ്മി, സ്വാമി സന്ദീപാനന്ദ ഗിരി, ടി പി ചെറൂപ്പ, പി കെ പാറക്കടവ്, പി എസ് ശ്രീധരന്‍പിള്ള എന്നിവരെയാണ് പുതുക്കി നിശ്ചയിച്ച പരിപാടിയിലേക്ക് പ്രഭാഷകരായി നിശ്ചയിച്ചിട്ടുള്ളത്. മതത്തെയും ആത്മീയതയെയും കുറിച്ചുള്ള പരിപാടി ഇസ്‌ലാമിനെക്കുറിച്ചുള്ള ചര്‍ച്ച മാത്രമാക്കി ചുരുക്കും വിധത്തില്‍ ആസൂത്രണം ചെയ്തതിനെതിരെയും ഈ പരിപാടിയിലേക്ക് ഇസ്‌ലാം വിമര്‍ശകരെ മാത്രം ക്ഷണിക്കുകയും ചെയ്തതില്‍ നിരവധി വ്യക്തികളും സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇസ്‌ലാമിനെക്കുറിച്ചുള്ള മുന്‍വിധികളെ ഊട്ടിയുറപ്പിക്കും വിധത്തില്‍ സംവിധാനം ചെയ്ത പരിപാടിക്കെതിരെ വിവിധ മുസ്‌ലിം സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിനെതുടര്‍ന്ന്, പരിപാടിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍ അറിയിക്കുകയായിരുന്നു. പരിപാടിയുടെ പുതുക്കിയ ബ്രോഷര്‍ ഇന്ന് പുറത്തിറക്കുന്നതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്ന് സംഘാടകരും അറിയിച്ചു.
Next Story

RELATED STORIES

Share it