കേരള ബ്ലോഗ് എക്‌സ്പ്രസിന് ഇന്ത്യന്‍ പരസ്യരംഗത്തെ ഓസ്‌കര്‍

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ കേരള ബ്ലോഗ് എക്‌സ്പ്രസിന് പരസ്യരംഗത്തെ ഓസ്‌കാര്‍. കേരളത്തിലുടനീളം രണ്ടാഴ്ച നീണ്ടുനിന്ന സാംസ്‌കാരിക പാരമ്പര്യ യാത്രാനുഭവത്തിനായി 25 രാജ്യങ്ങളില്‍നിന്നുള്ള 30 പ്രമുഖ ബ്ലോഗര്‍മാര്‍ പങ്കെടുത്ത സംരംഭത്തിന്റെ മൂന്നാംപതിപ്പിനാണ് പരസ്യരംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ആബി പുരസ്‌കാരം ലഭിച്ചത്. 'സാമൂഹമാധ്യമ സാന്നിധ്യം' എന്ന വിഭാഗത്തിലാണ് അംഗീകാരം.
കേരള ടൂറിസത്തിന്റെ ക്രിയാത്മക ബ്രാന്‍ഡ് ഏജന്‍സിയായ സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍സ് ആശയരൂപീകരണം നടത്തിയ കേരള ബ്ലോഗ് എക്‌സ്പ്രസ് (കെബിഇ) കോര്‍പറേറ്റ് വമ്പന്മാരായ പിആന്റ്ജി, പാംപേഴ്‌സ്, ആമസോണ്‍ ഇന്ത്യ, കാഡ്ബറി ചോക്കലേറ്റ്‌സ്, ഫഌപ്കാര്‍ട്ട്, അസൂസ് ഇന്ത്യ, സ്റ്റാര്‍ വേള്‍ഡിലെ ക്വാണ്‍ടികോ എന്ന പരിപാടി, തല്‍വാര്‍ എന്ന ചലച്ചിത്രം എന്നിവയെ പിന്നിലാക്കിയാണു പുരസ്‌കാരം കരസ്ഥമാക്കിയത്.ബ്ലോഗിന്റെ ഗുണമേന്മ, ജനപ്രിയത, പിന്തുടരുന്നവരുടെ എണ്ണം, ബ്ലോഗര്‍മാരുടെ രാജ്യം, സമൂഹമാധ്യമത്തിലെ ശ്രദ്ധ തുടങ്ങിയവ മുന്‍നിര്‍ത്തി പ്രശസ്തരും സ്വാധീനശേഷിയുള്ളവരുമായ ബ്ലോഗര്‍മാരുടെ യാത്രാനുഭവങ്ങള്‍ കേരളം എന്ന ലക്ഷ്യസ്ഥാനത്തിനായി സൃഷ്ടിക്കപ്പെട്ട അനുകൂല തരംഗത്തെ വര്‍ധിപ്പിക്കുന്നതാണ് ഈ പുരസ്‌കാരം.
അഡ്വര്‍ടൈസിങ് ക്ലബ്ബ് ഓഫ് ബോംബെ എന്നതിന്റെ ചുരുക്കെഴുത്താണ് ആബി. 2500ഓളം പ്രഫഷനലുകള്‍ പങ്കെടുക്കുന്ന ആബി പുരസ്‌കാരച്ചടങ്ങ് ഈ രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ പരിപാടിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 5000ലേറെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടു. സംരംഭത്തിന്റെ ഫേസ്ബുക്ക് ആല്‍ബത്തിന് 28,000 ലൈക്കുകളും ഔദ്യോഗിക വെബ്‌സൈറ്റിന് എട്ടു ലക്ഷത്തോളം ഹിറ്റുകളും ലഭിച്ചു.
Next Story

RELATED STORIES

Share it