കേരള ഫിഷറീസ് സര്‍വകലാശാല വിദ്യാര്‍ഥി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു

കൊച്ചി: കേരള ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വിദ്യാര്‍ഥി സുഹൃത്തുക്കള്‍ നോക്കിനില്‍ക്കേ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. രണ്ടാംവര്‍ഷ എംഎഫ്എസ്‌സി അക്വാകള്‍ച്ചര്‍ വിദ്യാര്‍ഥി ബിഹാര്‍ ഗയ ചൗക്കില്‍ ഗയാപ്രസാദിന്റെ മകന്‍ രവികുമാര്‍(23) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12ന് ശേഷം കൂട്ടുകാര്‍ക്കൊപ്പം നീന്താന്‍ ഇറങ്ങിയ രവികുമാര്‍ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
സര്‍വകലാശാല കാമ്പസിനകത്തെ ആറടി താഴ്ചയിലുള്ള നീന്തല്‍കുളത്തില്‍ നിറയെ വെള്ളമുണ്ടായിരുന്നു. ഉപയോഗപ്രദമല്ലാത്ത നീന്തല്‍കുളത്തില്‍ വിദ്യാര്‍ഥികള്‍ ഇറങ്ങരുതെന്ന് സര്‍വകലാശാലാ നിര്‍ദേശമുണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് വന്ന രവികുമാറും ഉത്തരേന്ത്യക്കാരായ നാലു സുഹൃത്തുക്കളും കുളിക്കാനെത്തിയതായിരുന്നു. അല്‍പം നീന്തലറിയാവുന്ന രവികുമാര്‍ മറ്റുള്ളവരെ നീന്തല്‍ കാണിച്ചു കൊടുക്കുന്നതിനിടെ വെള്ളത്തില്‍ താഴ്ന്നുപോയി.
നീന്തല്‍ അറിയാത്തതിനാ ല്‍ സുഹൃത്തുക്കള്‍ ഹോസ്റ്റലിലെത്തി മറ്റുള്ളവരോട് വിവരം പറയുകയായിരുന്നു. ഇവരെത്തിയാണ് കുളത്തില്‍നിന്നു രവികുമാറിനെ പുറത്തെടുത്തത്. ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. പനങ്ങാട് പോലിസ് മേല്‍നടപടി സ്വീകരിച്ചു. ബിഹാറില്‍നിന്ന് ബന്ധുക്കള്‍ എത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Next Story

RELATED STORIES

Share it