kannur local

കേരള കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി; വാഹനങ്ങള്‍ തകര്‍ത്തു

ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ മാവുംതോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള കോണ്‍ഗ്രസ്-ജേക്കബ്, കേരള കോണ്‍ഗ്രസ്-എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണു സംഭവം.
കേരള കോണ്‍ഗ്രസ്-ജേക്കബ് പയ്യാവൂര്‍ മണ്ഡലം പ്രസിഡന്റ് കപ്പുവവീട്ടില്‍ ശ്രീനിവാസന്‍(40), ഇരിക്കൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജയപ്രകാശ് കാവുമ്പായി(44), യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ പി ബിനോജ്, യൂത്ത്ഫ്രണ്ട്-എം പയ്യാവൂര്‍ മണ്ഡലം പ്രസിഡന്റ് മനോജ് മുണ്ടയ്ക്കല്‍(30), സേവ്യര്‍ തോമസ് (26) എന്നിവര്‍ക്കാണു പരിക്കേറ്റത്. ജേക്കബ് വിഭാഗം പ്രവര്‍ത്തകരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും മാണിവിഭാഗം പ്രവര്‍ത്തകരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ പി ബിനോജിന്റെ കാലിനു ഗുരുതരമായി പരിക്കേറ്റു. ജേക്കബ് വിഭാഗത്തിന്റെ പ്രചാരണ വാഹനമായ കാറും മാണി വിഭാഗത്തിന്റെ വാഹനമായ ജീപ്പും അടിച്ചുതകര്‍ത്തു.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചന്ദനക്കാംപാറ ഡിവിഷനില്‍ ജേക്കബ് വിഭാഗത്തിന്റെ ജോളി കാട്ടുവിളയും മാണി വിഭാഗത്തിന്റെ കവിത ഷാജു തേക്കുംകാട്ടിലും മല്‍സരിക്കുന്നുണ്ട്. ഗ്രൂപ്പുപോരാണ് സീറ്റ് തര്‍ക്കത്തിനു കാരണം. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥ്ാനാര്‍ഥി തങ്ങളാണെന്ന് ഇരുവിഭാഗവും വാദിക്കുന്നു. ഇതാണ് അക്രമത്തിനു കാരണം. ഷിമോഗ കോളനിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കഴിഞ്ഞ് മാവുംതോട് തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മാണി വിഭാഗം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് ജേക്കബ് വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്തപ്പോള്‍ ജേക്കബ് വിഭാഗം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് എതിര്‍വിഭാഗത്തിന്റെ പരാതി. പയ്യാവൂര്‍ എസ്‌ഐ എം ഇ രാജഗോപാലിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it