കേരളാ കോണ്‍ഗ്രസ് (ബി)യിലും ഭിന്നത: 20 സീറ്റില്‍ മല്‍സരിക്കുമെന്ന് സെക്രട്ടറി; ഇല്ലെന്നു പിള്ള

തിരുവനന്തപുരം: സീറ്റ് വിഭജനത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്(ബി) വിഭാഗത്തിലും ഭിന്നത. 20 മണ്ഡലങ്ങളില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്നു പാര്‍ട്ടി ഓര്‍ഗനൈസിങ് സെക്രട്ടറി കല്ലാര്‍ ഹരികുമാര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി. എന്നാല്‍, ഈ തീരുമാനം നിഷേധിക്കുന്നതായും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
പിള്ളയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് 20 സീറ്റില്‍ മല്‍സരിക്കാന്‍ സംസ്ഥാനസമിതിയിലെ ഏഴ് സെക്രട്ടറിമാരും അഞ്ച് സെക്രട്ടേറിയറ്റ് അംഗങ്ങളും ഏഴു ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചതെന്നു കല്ലാര്‍ ഹരികുമാര്‍ അറിയിച്ചു. കൊട്ടാരക്കരയിലോ, ഇരവിപുരത്തോ പിള്ളയ്ക്ക് മല്‍സരിക്കാന്‍ സീറ്റ് തരാമെന്ന് എല്‍ഡിഎഫിലെ പ്രമുഖര്‍ വാഗ്ദാനംചെയ്തിരുന്നു. 24 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ്-ബിക്ക് കഴിയും. എല്‍ഡിഎഫ് തഴഞ്ഞുനിര്‍ത്തിയിരിക്കുന്ന കക്ഷിനേതാക്കളുമായി 25ന് കൂടിക്കാഴ്ച നടത്തി ഒന്നിച്ചുപോവാന്‍ കഴിയുമോയെന്നും ചര്‍ച്ച ചെയ്യുമെന്നും ഹരികുമാര്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി ശരണ്യ മനോജിന്റെ പേരും വാര്‍ത്താക്കുറിപ്പിലുണ്ട്. എന്നാല്‍, ശരണ്യ മനോജ് യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നു പിള്ള അറിയിച്ചു. പത്തനാപുരത്ത് മാത്രമേ മല്‍സരിക്കാന്‍ സാധ്യതയുള്ളോയെന്ന ചോദ്യത്തിന് സീറ്റല്ല പാര്‍ട്ടിയുടെ പ്രശ്‌നമെന്നായിരുന്നു പിള്ളയുടെ മറുപടി. രാജ്യത്തു നടക്കുന്ന കൊള്ളയും വര്‍ഗീയതയും അവസാനിപ്പിക്കണമെന്നാണു ആവശ്യം. കോന്നിയോ റാന്നിയോ അല്ല, ധര്‍മടം തന്നാലും താന്‍ മല്‍സരിക്കില്ലെന്നും പിള്ള വ്യക്തമാക്കി.
Next Story

RELATED STORIES

Share it