കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് അടുക്കുന്നതായി സൂചന. തന്റെ പാര്‍ട്ടിയെ പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മന്ത്രി പി ജെ ജോസഫ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടു. പി ജെ ജോസഫും കെ എം മാണിയും തമ്മിലുള്ള കടുത്ത ഭിന്നതയാണു പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ പിളരുമെന്ന വാര്‍ത്തകള്‍ തള്ളി ജോസഫും മാണിയും രംഗത്തെത്തി.
പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയാലും മുന്നണിയില്‍ ഘടകകക്ഷിയാക്കണമെന്ന് പി ജെ ജോസഫ് ഇന്നലെ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെടുകയായിരുന്നു. പി ജെ ജോസഫിനെ കൂടാതെ ടി യു കുരുവിള, മോന്‍സ് ജോസഫ് എന്നിവരാണ് ജോസഫ് വിഭാഗത്തിലെ എംഎല്‍എമാര്‍. ആവശ്യം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയ ഉമ്മന്‍ചാണ്ടി ഒത്തുതീര്‍പ്പിനും ശ്രമിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങളില്ലെന്ന് കെ എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. എന്നാല്‍, പ്രശ്‌നങ്ങളുണ്ടെന്ന് പി ജെ ജോസഫ് തുറന്നടിച്ചു. പ്രശ്‌നപരിഹാരത്തിനു ചര്‍ച്ച തുടരും. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. ജോസഫ് ഗ്രൂപ്പിനെ പ്രത്യേക ബ്ലോക്കായി പരിഗണിക്കണമെന്നാവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു തീരുമാനം എടുത്തിട്ടുമില്ല.
സീറ്റ് വിഭജനം അന്തിമമായി പറയാവുന്ന ഘട്ടത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിലെ ഭിന്നതകളും ബാര്‍ കോഴക്കേസില്‍ കുറ്റവിമുക്തനാവാതെ മാണി മല്‍സരിക്കുന്നതിലെ അഭിപ്രായവ്യത്യാസങ്ങളുമാണ് ജോസഫ് വിഭാഗത്തെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നത്. മാണി രണ്ട് സീറ്റുകള്‍ മാത്രമേ ജോസഫ് വിഭാഗത്തിന് നല്‍കൂവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് നല്‍കാനുള്ള മാണി വിഭാഗത്തിന്റെ നീക്കത്തിലും ജോസഫ് വിഭാഗത്തിന് അമര്‍ഷമുണ്ട്. ഡല്‍ഹിയിലെ റബര്‍ സമരത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നപ്പോള്‍ തന്നെ പാര്‍ട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ തങ്ങള്‍ക്കു വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ മോന്‍സ് ജോസഫിന് കടുത്തുരുത്തി നല്‍കില്ലെന്ന നിലപാടിലാണ് മാണി. ഇതോടെ ടി യു കുരുവിളയോ, മോന്‍സ് ജോസഫോ പിന്‍മാറേണ്ടിവരും. ഇതില്‍ കടുത്ത പ്രതിഷേധം പി ജെ ജോസഫ് അറിയിച്ചിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന് അറിയിച്ച മാണി പ്രതിഷേധങ്ങള്‍ക്ക് പി സി ജോര്‍ജിന്റെ അവസ്ഥയുണ്ടാവുമെന്നു പരസ്യമായി മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
Next Story

RELATED STORIES

Share it